പ്രിയങ്ക ചോപ്രയും നിക്ക് ജോനസും
'വിവാഹിതരായിട്ട് എട്ടു വർഷമായി, ഇപ്പോഴും ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പൊട്ടി പുറപ്പെടാൻ ആളുകൾ കാത്തിരിക്കുകയാണ്'; വിവാദങ്ങളിൽ പ്രതികരിച്ച് പ്രിയങ്ക ചോപ്ര
നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ്. ഇരുവരും വിവാഹിതരായിട്ട് ഇപ്പോൾ എട്ടു വർഷം പിന്നിടുന്നു. മകളോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ദമ്പതിക്കൾക്കിടയിലേക്ക് ഇടക്കിടെ വരാറുള്ള ചോദ്യമാണ് നിങ്ങൾ ബന്ധം വേർപിരിഞ്ഞോ എന്നുള്ളത്. അങ്ങനെ തങ്ങൾ വേർപിരിഞ്ഞു കാണാനുള്ള ആളുകളുടെ ആഗ്രഹമാണ് അവരെകൊണ്ടത് ചോദിപ്പിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിൽ പ്രിയങ്ക പ്രതികരിച്ചു.
പ്രിയങ്കയും നിക്കും ഗോൾഡൻ ഗ്ലോബിൽ രണ്ടുസമയങ്ങളിൽ എത്തിയതോടെ ദമ്പതികൾ തമ്മിൽ പ്രശ്നത്തിലാണെന്നും ഇരുവരും പിരിയുകയാണെന്നും തരത്തിലുള്ള കിംവദന്തികൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് താൻ മടുത്തെന്ന് പ്രിയങ്ക പറഞ്ഞു. 'ഞങ്ങൾ വിവാഹിതരായിട്ട് എട്ടു വർഷമായി. ഇപ്പോഴും ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പൊട്ടി പുറപ്പെടാൻ ആളുകൾ കാത്തിരിക്കുകയാണ്. അവർ അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ ഇഷ്ടമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി' പ്രിയങ്ക പറഞ്ഞു.
വ്യത്യസ്തമായ സംസ്കാരത്തിൽ നിന്നും വിവാഹിതരായതിനാലും, നിക്കിന് തന്നെക്കാൾ 10 വയസ്സ് കുറവാണെന്നതിനാലും ആളുകൾക്ക് അവരുടെ വിവാഹത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നിരിക്കാമെന്ന് പ്രിയങ്ക പറഞ്ഞു. 'ഞങ്ങളിൽ എന്താണ് ആളുകളെ അസ്വസ്ഥരാക്കുതെന്ന് എനിക്കറിയില്ല. ഞങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത മതങ്ങൾ പിന്തുടരുന്നവരും പ്രായവ്യത്യാസമുള്ളവരുമാണ്. ചിലപ്പോൾ അതായിരിക്കാം ആളുകളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്' പ്രിയങ്ക പറഞ്ഞു.
എന്നാൽ ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ തങ്ങളെ വേദനിപ്പിക്കുന്നുവെന്നും, ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചാണ് അതിനെ നേരിടുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. നിക്കിനെ കണ്ടുമുട്ടി ആറ് മാസത്തിന് ശേഷം വിവാഹിതരാകുന്നതിൽ തനിക്ക് പോലും സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു ഭർത്താവായും പിതാവായും തന്‍റെ ഏറ്റവും മികച്ച തീരുമാനമായിരുന്നു നിക്കെന്നും പ്രിയങ്ക പറഞ്ഞു.
2018ലാണ് നിക്ക് ജോനസും പ്രിയങ്ക ചോപ്രയും വിവാഹിതരാകുന്നത്. 2022ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾ മാൽതിയോടൊപ്പമുള്ള ചിത്രങ്ങളും ചില രസകരമായ വിഡിയോകളും ദമ്പതികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.