സിനിമയുടെ പോസ്റ്റർ
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ രണ്ടിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോർജുകുട്ടിയായെത്തുന്ന മോഹൻലാൽ വാഴകൾക്കിടയിൽ നിൽക്കുന്നതായാണ് പോസ്റ്റർ.
പുതിയ പോസ്റ്ററിനുതാഴെ കമന്‍റുകളുമായി എത്തുകയാണ് ആരാധകർ. അടുത്ത കുഴിവെട്ടാൻ സമയമായി, ജോർജ്കുട്ടി തിരിച്ചു വന്നു, വാഴക്ക് സത്യമറിയാം എന്നിങ്ങനെയാണ് കമന്‍റുകൾ. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യ രണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
ദൃശ്യം 3 എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും, തന്റെ തിരക്കഥ അതൊന്നും ആയിരിക്കില്ലെന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. ബോക്സ് ഓഫിസ് റെക്കോഡുകൾക്കൊപ്പം അസാമാന്യ പ്രേക്ഷക പിന്തുണയാണ് സിനിമക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. എന്നാൽ ഏതു ഭാഷയിലാകും ചിത്രം ആദ്യം റിലീസ് ചെയ്യുക എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം ജീത്തു ജോസഫ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.