ജപ്പാനിൽ തിയറ്റർ റിലീസിനൊരുങ്ങി 'ദ ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൺ'

ഒ.ടി.ടി റിലീസിന്​ പിന്നാലെ ഇന്ത്യയാകെ ചർച്ചയായി മാറിയ ചിത്രമായിരുന്നു ജിയോ ബോബി രചന നിർവഹിച്ച്​ സംവിധാനം ചെയ്ത 'ദ ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൺ'. നീസ്ട്രീമിലൂടെ പ്രേക്ഷകർക്ക്​ മുന്നിലേക്കെത്തിയ ചിത്രം വൻ ജനപ്രീതി നേടിയതോടെ ആമസോൺ പ്രൈമിലും റിലീസ്​ ചെയ്​തിരുന്നു. വലിയ നിരൂപക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇനി ജപ്പാനിലേക്ക്​ പോകാനുള്ള ഒരുക്കത്തിലാണ്​.

പുറത്തിറങ്ങി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ജപ്പാനിലെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്​. സിനിമയുടെ ജപ്പാനീസ് വിതരണാവകാശം നേരത്തെ വിറ്റുപോയിരുന്നു. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിന് തൊട്ടുപിന്നാലെ ചലച്ചിത്ര മേളകള്‍ക്ക് വേണ്ടി സിനിമയുടെ പ്രദര്‍ശനാവശ്യത്തിനുവേണ്ടി വിവിധ സിനിമാ ഏജന്‍റുമാര്‍ സമീപിച്ചിരുന്നതായി നിര്‍മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞു. അത്തരത്തില്‍ സിനിമ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ജപ്പാനില്‍ തന്നെ റിലീസിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്​തമാക്കി.

ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകളും ചിത്രത്തിനുണ്ടാകും. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിട്ടില്ല.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് നടി റാണി മുഖര്‍ജി, ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. 

Tags:    
News Summary - the great indian kitchen to release in japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.