നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: നവംബർ ഒന്ന് ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കളാഴചയിലേക്കാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന പരിപാടി ഇനി നവംബർ മൂന്നിനാണ് നടത്തുക. തിങ്കളാഴ്ച ഉച്ചക് മൂന്ന് മണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം.

നവംബർ ഒന്നിന് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇവ നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിൽ എത്തിയത്. ഇതിൽ 30 ശതമാനം സിനിമകളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ എത്തിയത്.

അതേസമയം മികച്ച നടൻ മമ്മൂട്ടി ആകാനാണ് സൂചന. മികച്ച നടിമാർക്ക് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്. ഭ്രമയു​ഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് റിപ്പോർട്ട്. കൊടുമൺ പോറ്റിയുടെ വേഷത്തിൽ അസാമാന്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്ത മല്‍സരം കാഴ്ച വെക്കുന്നുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസിൽ, അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിലൂടെ ടോവിനോ തോമസിനെ എന്നിവരേയും പരിഗണിക്കുന്നുണ്ട്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല, അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.

നവാഗത സംവിധായകരുടെ കൂട്ടത്തിൽ മോഹൻലാലിന്‍റെ ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രവും നടൻ ജോജു ജോര്‍ജിന്‍റെ പണിയും ഉൾപ്പെടുന്നു. 

Tags:    
News Summary - The announcement of the State Film Awards, which was scheduled to be held tomorrow, has been postponed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.