തമിഴ് നടൻ രാജേഷ് അന്തരിച്ചു

തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലും, തെലുങ്കിലുമായി 150-ൽ ഏറെ സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്. രണ്ടായിരം തുടക്കത്തില്‍ ടെലിവിഷൻ സീരിൽ രംഗത്തു ചുവടുവച്ച താരം കഴിഞ്ഞ 24 വർഷമായി സീരിയൽ രംഗത്തും സജീവമായിരുന്നു.

1949 ഡിസംബർ 20ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974ൽ ബാലചന്ദർ സംവിധാനം ചെയ്ത ‘അവൾ ഒരു തുടർകഥൈ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1979-ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിലൂടെ നായകനായി. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്.

അജിത്തിന്‍റെ റെഡ്, വിക്രമിന്‍റെ സാമി, സിലംബരശന്‍റെ കോവിൽ, അരുൺ വിജയിന്‍റെ യാനൈ തുടങ്ങി രാജേഷിന്‍റെ നിരവധി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് രംഗത്തും രാജേഷ് പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിൽ അലകൾ (1974), ഇതാ ഒരു പെൺകുട്ടി (1988), അഭിമന്യു(1991) എന്നീ 3 ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചത്. ബം​ഗാരു ചിലക, ചദാസ്തപു മൊ​ഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.

ഭാഗ്യരാജിന്റെ 7 ഡേയ്‌സ്, കമല്‍ഹാസനൊപ്പമുള്ള സത്യ, മഹാനടി, വിരുമാണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോ​ഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങൾ. 

Tags:    
News Summary - Tamil actor Rajesh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.