'ഹൈന്ദവ ദൈവത്തിന്‍റെ പേര് മാറ്റണം', സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ സെൻസർ ബോർഡ്

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ജാനകി v/s ദ സ്റ്റേറ്റ് ഓഫ് കേരളക്ക് പ്രദർശനാനുമതിയില്ല. ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.

ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്‍റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. എന്നാൽ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.

Tags:    
News Summary - suresh gopi movie janaki vs state of kerala release postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.