ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്ന മോഹൻലാൽ
ഇന്ത്യൻ സിനിമയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങിയിരിക്കുകയാണ്. 2023ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹെബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്. മോഹൻലാലിന് പുറമേ മറ്റ് ചില ദക്ഷിണേന്ത്യൻ താരങ്ങൾക്കും ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമ മേഖലയിലെ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായിരുന്നു ബി.എൻ. റെഡ്ഡി. സിനിമക്ക് നൽകിയ സംഭാവനകൾക്ക് 1974ൽ ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്. 1974ൽ പത്മഭൂഷൺ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ബംഗാരു പാപ, ഭാഗ്യരേഖ, രംഗുല രത്നം എന്നീ ചിത്രങ്ങൾക്ക് റെഡ്ഡിക്ക് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചു. ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, നടൻ, ബിസിനസുകാരൻ എന്നീ നിലയിൽ പ്രശസ്തനായിരുന്നു എൽ.വി. പ്രസാദ്. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1982ലാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. മംഗയ്യർ തിലകം, ധാര്യ ഭരതലു എന്നീ ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഖിലോന (1970) എന്ന ബോളിവുഡ് ചിത്രത്തിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.
ബി. നാഗി റെഡ്ഡി ഒരു തെലുങ്ക് ചലച്ചിത്ര നിർമാതാവായിരുന്നു. ഹിന്ദിയിലും അദ്ദേഹം പ്രവർത്തിച്ചു. 1986ൽ ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. കന്നഡ ചിത്രമായ മധുവേ മടിനോടുവിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. മായാബസാർ, ഗുണ്ടമ്മ കഥ എന്നീ തെലുങ്ക് ചിത്രങ്ങൾക്ക് ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു.
അക്കിനേനി നാഗേശ്വര റാവു തെലുങ്ക് സിനിമയിലെ നടനും ചലച്ചിത്ര നിർമാതാവുമായിരുന്നു. 1990ൽ ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1968ൽ പദ്മശ്രീ, 1988ൽ പത്മഭൂഷൺ, 2011ൽ പത്മവിഭൂഷൺ എന്നിവയും ലഭിച്ചു. സുഡിഗുണ്ടലു, മരപുരാണി മനീഷി, ആത്മ ബന്ധുവുലു, ആത്മ ബന്ധുവുലു, മാൻ സീതാരാമയ്യലു എന്നീ ചിത്രങ്ങൾക്ക് റാവുവിന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു. 1988ൽ അദ്ദേഹത്തിന് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ലഭിച്ചു.
കന്നഡ സിനിമയിലെ പ്രമുഖ നടനും ഗായകനുമായിരുന്നു രാജ്കുമാർ. 1995ൽ ദാദാസാഹെബ് അവാർഡും 1983ൽ പത്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്‍റെ 39 സിനിമകൾ വിവിധ ഭാഷകളിലേക്ക് 63 തവണ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2011ൽ കർണാടക മുഖ്യമന്ത്രി അദ്ദേഹത്തിന് ഭാരതരത്‌ന പ്രഖ്യാപിച്ചു. സത്യ ഹരിശ്ചന്ദ്ര, മയൂര, ഭക്ത് പ്രഹ്ലാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
തമിഴ് സിനിമ നടനും ചലച്ചിത്ര നിർമാതാവുമായിരുന്നു ശിവാജി ഗണേശൻ. സിനിമക്ക് നൽകിയ സംഭാവനകൾക്ക് 1996ൽ ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1966ൽ പത്മശ്രീയും 1984ൽ പത്മഭൂഷണും ലഭിച്ചു. തന്റെ കരിയറിൽ 288 സിനിമകളിൽ ശിവാജി ഗണേശൻ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ് അടൂർ ഗോപാലകൃഷ്ണൻ. സിനിമക്ക് നൽകിയ സംഭാവനകൾക്ക് 2004ൽ ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 17 തവണ ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമയിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു ഡി. രാമനായിഡു. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾക്ക് 2009ലാണ് അദ്ദേഹത്തിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തമിഴ് സിനിമ മേഖലയിലെ പ്രമുഖനായ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായിരുന്നു കെ. ബാലചന്ദർ. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾക്ക് 2010ലാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്. 1987ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. എട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏക് ദുജെ കേ ലിയേ എന്ന ചിത്രത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്ക് സിനിമയിലെ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, ഗാനരചയിതാവ് എന്നീ മേഖലകളിലാണ് കെ. വിശ്വനാഥ് പ്രവർത്തിച്ചിരുന്നത്. 2016ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1992ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. ശങ്കരാഭരണം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
2019ലാണ് തമിഴ് സൂപ്പർ താരം രജനീകാന്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി ഇന്ത്യ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. ഏഴ് ദേശീയ ചലച്ചിത്ര അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും അദ്ദേഹത്തിന് സ്വന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.