ജെയും വീരുവും ഓടിച്ച ആ ബൈക്ക് എവിടെ? ആകാംഷയോടെ ഷോലെ ഫാൻസ്‌

ഗോവയിലെ ചലച്ചിത്രമേളയിൽ (IFFI) പ്രദർശിപ്പിച്ച ഐക്കോണിക് ചിത്രമായ ഷോലെയിലെ ബൈക്കാണ് ഇപ്പോൾ ആരാധകരുടെ സംസാര വിഷയം. ജെയും (അമിതാഭ് ബച്ചൻ) വീരുവും (ധർമേന്ദ്ര) ചേർന്ന് 'യേ ദോസ്തി' എന്ന ഗാനം പാടി ഓടിച്ച 1942 മോഡൽ ബി.എസ്.എ.ഡബ്ല്യു.എം.20 (BSA WM20) ബൈക്ക് ഗോവയിലെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരിന്നു. സിനിമയുടെ 50-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായായിരുന്നു ബൈക്ക് പ്രദർശനം. ഒരിക്കലും പിരിയാത്ത സൗഹൃദത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ബൈക്ക്.

ധർമേന്ദ്രയുടെ മരണവാർത്ത പുറത്തുവന്നതോടെ അതൊരു സ്മാരകമായി മാറിയിരിക്കുകയാണ്. ജയ്-വീരു കൂട്ട്കെട്ട് പോലെ അമിതാഭ് ബച്ചൻ-ധർമേന്ദ്ര സൗഹൃദത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ബൈക്ക്. ഫിലിം ഫെസ്റ്റിവലിന്റെ ആദ്യദിവസം മുതൽ തന്നെ ബൈക്ക് ഒരു ഗ്ലാസ് കൂടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. MYB3047 എന്ന നമ്പറുള്ള ബൈക്ക് പഴയ അതേ പ്രൗഢിയോടെ, യാതൊരു കേടുപാടുകളുമില്ലാതെയാണ് നിലനിൽക്കുന്നത്. ഇപ്പോഴും ഒരു പ്രശ്‌നവുമില്ലാതെ ഈ ബൈക്ക് ഓടിക്കാൻ പറ്റുമെന്നും അധികൃതർ പറയുന്നു.

കാണാനെത്തുന്ന ആളുകൾക്കിത് വെറുമൊരു സിനിമാ പ്രോപ്പർട്ടി മാത്രമല്ല. ജെയ്-വീരു ബന്ധത്തിന്റെയും, അവർ വളർന്ന സിനിമയുടെയും ഓർമപ്പെടുത്തലാണ്. ഈ ബൈക്കിനൊപ്പം ഫോട്ടോയെടുക്കാനും സെൽഫിയെടുക്കാനും തിരക്കുകൂട്ടുകയാണ് ഷോലെ ഫാൻസ്‌. തലമുറകളെ സ്വാധീനിച്ച ഒരു സിനിമയുടെ തിളക്കമുള്ള സ്മാരകമായി ഈ മോട്ടോർസൈക്കിൾ നിലകൊള്ളുന്നു. 80 വർഷത്തിലേറെയായി സൂക്ഷ്മതയോടെ ഈ വിന്റേജ് ബൈക്ക് കർണാടകത്തിലെ ഒരു കുടുംബം സംരക്ഷിച്ചുവരികയാണ്.

ഷോലെ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റ ഭാഗമായാണ് കർണാടക സർക്കാർ ഈ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. പനാജിയിലെ ഐനോക്സ് (Inox) പരിസരത്താണ് ഈ ബൈക്ക് ഇപ്പോൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി ബി.എസ്.എ നിർമിച്ച ഏറ്റവും കൂടുതൽ എണ്ണം വിതരണം ചെയ്ത മോട്ടോർസൈക്കിളുകളിൽ ഒന്നാണ് M20 സീരീസ് (WM20). ഏകദേശം 1,26,000 യൂണിറ്റുകൾ സൈനിക ആവശ്യങ്ങൾക്കായി നിർമിക്കപ്പെട്ടു. 1937ലാണ് ഈ ശ്രേണിയിൽപ്പെട്ട ബൈക്ക് ആദ്യമായി നിർമിക്കുന്നത്. 1950കളുടെ അവസാനമായപ്പോഴേക്കും നിർമാണം നിർത്തുകയും ചെയ്തു.

1975ൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ‘ഷോലെ’. അടിയന്തരാവസ്ഥക്കാലത്ത് ഏർപ്പെടുത്തിയ സെൻസർഷിപ്പ് കാരണം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ക്ലൈമാക്സ് മാറ്റിയിരുന്നു. എന്നാൽ റീ റിലീസിൽ ചിത്രത്തിന്റെ അൺകട്ട് പതിപ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ക്ലൈമാക്സ് മാറ്റിയിരുന്നു. രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഷോലെ' പുറത്തിറങ്ങി വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. യേ ദോസ്തി എന്ന ഗാനം ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്റ്റിൽപ്പെട്ട ഒന്നാണ്. ഈ അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഗാനരംഗം ചിത്രീകരിക്കാൻ 21 ദിവസമാണ് എടുത്തത്. ബെംഗളൂരുവിന് സമീപമുള്ള രാമനഗര എന്ന സ്ഥലത്തെ കുന്നും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്താണ് ഈ ഗാനരംഗം ചിത്രീകരിച്ചത്.

Tags:    
News Summary - Sholay iconic bike display at IFFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.