ഷാരൂഖ് ഖാൻ
അഹ്മദാബാദിൽ വെച്ചു നടന്ന 2025 ഫിലിം ഫെയർ അവാർഡ്സിൽ പങ്കെടുത്തു മടങ്ങുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശനിയാഴ്ച നടന്ന പരിപാടിയിൽ കരൺ ജോഹറിനോടൊപ്പം ഷാറൂഖാണ് അവതരണം നടത്തിയിരുന്നത്.
പരിപാടിയുടെ ചില വൈറലായ വിഡിയോകളിൽ ഷാറൂഖിനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ കാണാം. എല്ലാവരും തങ്ങളുടെ പ്രിയ താരത്തെ കാണാനുള്ള ആകാംഷയിലായിരുന്നു. കാറിന്‍റെ മുകളിലൂടെ ആരാധകർക്ക് കൈവീശികാണിക്കുന്ന താരത്തെയും വിഡിയോയിൽ കാണാം. വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ജനങ്ങൾ മാറാൻ തയാറായിരുന്നില്ല.
പലരും താരത്തെ തൊടാനും ചിത്രങ്ങൾ എടുക്കാനും ശ്രമിച്ചു. എന്നാൽ ആരാധകരെ തീർത്തും ശാന്തനായാണ് താരം നേരിട്ടത്. വിഡിയോക്ക് താഴെ നിരവധി കമന്‍റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്. ഒരു താരം എന്ന നിലയിൽ വിനയത്തോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റമാണ് ഷാറൂഖിനെ ഇത്ര ഉയരത്തിലെത്തിച്ചതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
'അദ്ദേഹത്തിന് ശേഷം മറ്റേതെങ്കിലും സൂപ്പർസ്റ്റാറുകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്, ആ ആവേശം മറ്റാർക്കാണ് ഉണ്ടാവുക' എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. 'ബോളിവുഡിൽ അവശേഷിക്കുന്ന ഒരേയൊരു താരം മാത്രമേയുള്ളൂ, അത് മിസ്റ്റർ ഷാറൂഖ് ഖാൻ അല്ലാതെ മറ്റാരുമല്ല' എന്നിങ്ങനെ ഒരുപാടുണ്ട് അഭിപ്രായങ്ങൾ.
അവാർഡ്ദാന ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് ഷാറൂഖ് ഖാനും കജോളും ചേർന്നുള്ളതായിരുന്നു. പ്രണയഗാനങ്ങളിൽ ഇതിഹാസ ജോഡികൾ ഒന്നിച്ചഭിനയിച്ചു. ഷാറൂഖ് ഖാൻ ഇപ്പോൾ കിങ്ങിന്റെ ചിത്രീകരണത്തിലാണ്. ദീപിക പദുക്കോൺ, സുഹാന ഖാൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അഭയ് വർമ, അർഷാദ് വാർസി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.