റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കം

ജിദ്ദ: രണ്ടാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. 'സിനിമയാണ് എല്ലാം' എന്ന മുദ്രാവാക്യവുമായി ഡിസംബർ 10 വരെ തുടരുന്ന മേളയിൽ 61 രാജ്യങ്ങളിൽ നിന്നുള്ള 41 ഭാഷകളിലായി അറബ്, ലോക സിനിമകളിലെ ഏറ്റവും മികച്ച 131 ഫീച്ചർ ഫിലിമുകളും ഷോർട്ട്‌സും പ്രദർശിപ്പിക്കും. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും 24 ഷോർട്ട്‌സും സൗദിയിലേതാണ്. 34 അന്താരാഷ്ട്ര പ്രീമിയറുകൾ, 17 അറബ് പ്രീമിയറുകൾ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 47 മറ്റു സിനിമകൾ എന്നിവങ്ങനെയാണ് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.

ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി

ശേഖർ കപൂർ സംവിധാനം ചെയ്ത What's Love Got to Do With It? എന്ന ബ്രിട്ടീഷ് ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി സിനിമയായിരുന്നു ഫെസ്റ്റിവലിലെ ഈ വർഷത്തെ പ്രാരംഭ ചിത്രം. കഴിഞ്ഞ മാസം റോം ഫിലിം ഫെസ്റ്റിവലിൽ മികച്ച കോമഡി അവാർഡ് നേടിയ ഈ ചിത്രത്തിൽ ലില്ലി ജെയിംസ്, എമ്മ തോംസൺ, ഷാസാദ് ലത്തീഫ്, റോബ് ബ്രൈഡൺ, ഷബാന ആസ്മി, സജൽ അലി, അസിം ചൗധരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും കാജളും അഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് സിനിമയായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' ഫെസ്റ്റിവൽ ഉദ്‌ഘാടന ദിനത്തിൽ ഔട്ട്‌ഡോർ ഫ്രീ വേദിയായ റെഡ് സീ കോർണിഷിൽ പ്രദർശിപ്പിച്ചു.

ഏഷ്യ, ആഫ്രിക്ക, അറബ് രാജ്യങ്ങളിൽ നിന്നുള്ള 26 ഷോർട്ട്സുകളിൽ നിന്നും 16 ഫീച്ചറുകളിൽ നിന്നുമായി മികച്ച ഫീച്ചർ ഫിലിം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ കണ്ടെത്തുന്ന 'യുസ്ർ അവാർഡി'നായുള്ള മത്സരവും മേളയിൽ നടക്കുന്നു. പ്രശസ്ത യുഎസ് ചലച്ചിത്ര നിർമ്മാതാവ് ഒലിവർ സ്റ്റോൺ ആണ് ഇത്തവണത്തെ അവാർഡ് ജൂറി തലവൻ. മത്സര വിജയികളെ ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. ഗോൾഡൻ യുസ്ർ അവാർഡ് നേടുന്ന ഏറ്റവും നല്ല ഫ്യൂച്ചർ സിനിമക്ക് ലക്ഷം ഡോളർ കാഷ് പ്രൈസ് ലഭിക്കും.

മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്‌കാറിനുള്ള സൗദി എൻട്രിയായി സൗദി ഫിലിം കമീഷൻ 'രാവൺ സോങ്' തെരഞ്ഞെടുത്തു. ഡിസംബർ മൂന്നിന് ഫിലിം ഫെസ്റ്റിവലിൽ ഇതിന്റെ വേൾഡ് പ്രീമിയർ ഉണ്ടായിരിക്കും. സൗദി അഭിനേതാക്കളും സംവിധായകനും എഴുത്തുകാരനുമൊക്കെ ഒന്നിച്ച സൗദിയിൽ നിന്നും പുറത്തിറങ്ങിയ 'വാലി റോഡ്' എന്ന ഹോം ബ്രിഡ് ഫിലിം ആണ് മേളയിൽ പ്രദർശിപ്പിക്കുന്ന അവസാന ചിത്രം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ചലച്ചിത്ര താരങ്ങളെയും പ്രവർത്തകരെയും ഫെസ്റ്റിവലിൽ ആദരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും പ്രശസ്ത ബോളിവുഡ് ഷാരൂഖ് ഖാനും ആദരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മറ്റു ഹിന്ദി താരങ്ങളായ രൺവീർ സിങ്, അക്ഷയ് കുമാർ, ദീപിക പദുകോൺ തുടങ്ങിയവരും മേളയിൽ പങ്കെടുക്കുന്നുണ്ട്.

അറബ് ചലച്ചിത്ര നിർമ്മാതാക്കൾക്കും പ്രഫഷനലുകൾക്കും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി ബന്ധപ്പെടുത്തുന്നതിനും വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുമായി നിരവധി ഇവന്റുകൾ, മാസ്റ്റർ ക്ലാസുകൾ, ശിൽപശാലകൾ, ഫണ്ടിംഗ് അവാർഡുകൾ വാഗ്ദാനം ചെയ്യുന്ന മത്സരങ്ങൾ, ഫിലിം മേക്കിംഗ് മാസ്റ്റർ ക്ലാസുകൾ, വെർച്വൽ റിയാലിറ്റി മത്സരം തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കോ-പ്രൊഡക്ഷൻസിനും അന്താരാഷ്ട്ര വിതരണത്തിനുമുള്ള കരാറുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ബിസിനസ്സ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പരിപാടികളുമായി റെഡ് സീ സൂക്ക് പ്ലാറ്റ്, വളർന്നുവരുന്ന പ്രാദേശിക ചലച്ചിത്ര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി വിദ്യാഭ്യാസ പരിപാടിയായ റെഡ് സീ ലാബ്സ് എന്നിവയെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 46 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഡിസംബർ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന റെഡ് സീ സൂക്കിൽ പങ്കെടുക്കും.

'സൗദി സിനിമ അതിവേഗം കുതിച്ചുയരുകയാണ്'

ജിദ്ദ: ഒരു സൗദി സിനിമയുമായി ഫിലിം ഫെസ്റ്റിവൽ അവസാനിപ്പിക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണതെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽതുർക്കി പറഞ്ഞു. സൗദി സിനിമ എവിടെ എത്തിയെന്നതിന്റെ വ്യക്തമായ സൂചകമാണിത്. റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഒരു സൗദി സിനിമ സ്വീകരിക്കുക എന്നതിനർത്ഥം അത് ഒരു അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിക്കുന്ന ഗുണനിലവാരമുള്ളതാണെന്നാണ്. സൗദി സിനിമ അതിവേഗം കുതിച്ചുയരുകയാണെന്നതിന് തെളിവാണിത്. പതിറ്റാണ്ടുകൾ നീണ്ട സിനിമാ നിരോധനം നീക്കിയതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് സിനിമയുടെ ജനപ്രീതി കുതിച്ചുയർന്നിട്ടുണ്ട്. ബോക്‌സ് ഓഫീസ് ടിക്കറ്റുകളുടെ എണ്ണം നോക്കുമ്പോൾ തങ്ങൾ എല്ലാ അയൽരാജ്യങ്ങളെയും മറികടന്നിരിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ആഗോള തലത്തിൽ സൗദി സിനിമകൾ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. വരും വർഷങ്ങളിൽ ഒരു സൗദി സിനിമയിലൂടെ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അൽതുർക്കി പറഞ്ഞു.


Tags:    
News Summary - Saudi Arabia’s Red Sea Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.