2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്ത ഹിന്ദി ചിത്രമാണ് ‘സന്തോഷ്’. സന്ധ്യ സുരി സംവിധാനം ചെയ്ത പൊലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രം ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. സ്ത്രീവിരുദ്ധത, ഇസ്ലാമോഫോബിയ, ഇന്ത്യൻ പൊലീസ് സേനക്കുള്ളിലെ അക്രമം എന്നിവ ചിത്രീകരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെന്നും ഇത് സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് സന്തോഷിന്റെ ടീം പറഞ്ഞത്. രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതോടെ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.
പൊലീസുകാരനായ ഭർത്താവ് മരിച്ച സന്തോഷ് എന്ന വനിത ഇന്ത്യൻ പൊലീസിങ് സിസ്റ്റത്തിൽ ഒരു കോൺസ്റ്റബിൾ ആയി പോസ്റ്റ് ചെയ്യപ്പെടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെയുമാണ് ‘സന്തോഷ്’ എന്ന സിനിമയുടെ രാഷ്ട്രീയം വെളിവാകുന്നത്. നിരാശജനകവും ഹൃദയഭേദകവുമാണ് ഈ തീരുമാനം. ഈ വിഷയങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് പുതിയതാണെന്നോ മറ്റ് സിനിമകള്‍ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയിട്ടില്ലെന്നാണ് സംവിധായിക സന്ധ്യ സൂരിയുടെ പ്രതികരണം.
ഷഹാന ഗോസ്വാമിയും സുനിത രാജ്‍വാറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നത്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. യു.കെ.യിലുടനീളം വ്യാപകമായി റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ബ്രിട്ടന്റെ ഓസ്‌കറിനുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്ക് ഗുഡ്‌റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.