സാമന്തയുടെ വിവാഹമോതിരം
തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപെടുകയാണ്. ഇപ്പോഴിതാ സാമന്ത പങ്കുവച്ച ചിത്രങ്ങളിലെ താരത്തിന്‍റെ വിവാഹ മോതിരമാണ് ആരാധകശ്രദ്ധനേടുന്നത്. വലിയ വജ്രകല്ലുപതിപ്പിച്ച പോര്‍ട്രയറ്റ് കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോതിരമാണ് സാമന്തയുടെ വിരലിൽ രാജ് അണിഞ്ഞത്.
നടുവിലായി ഒരു വലിയ കഷ്ണവും അതിന് ചുറ്റും ദളങ്ങള്‍ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഈ വജ്രങ്ങള്‍ പ്രത്യേകം കട്ട് ചെയ്‌തെടുത്തതാണ് എന്നാണ് റിപ്പോർട്ട്. പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ട് എന്നത് വളരെ നേര്‍ത്തതും പരന്നതും തികച്ചും വ്യക്തവും സുതാര്യവുമായ പ്രതലമുള്ള ഒരു വജ്രമാണ്. ഒരു വലിയ മുഴുവൻ വജ്രത്തിൽ നിന്നുമാണ് ഇത് രൂപമാറ്റം ചെയ്തെടുക്കുക. ഇത് നിർമിച്ചെടുക്കാൻ വിദഗ്തരുടെ പരിശ്രമയും സൂഷ്മതയും ആവശ്യമാണ്. എളുപ്പത്തിൽ നിർമിക്കാനോ സ്വന്തമാക്കാനോ സാധിക്കാത്ത ഈ മോതിരത്തിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും.
ഗ്രീസിലെ ഏഥൻസിൽ നിന്നുള്ള ആഭരണ നിർമാതാവാണ് സാമന്തയുടെ വിവാഹമോതിരത്തിന്‍റെ ശിൽപി എന്നാണ് റിപ്പോർട്ട്. പ്രമുഖ ഡിസൈനറായ അർപ്പിത മേത്തയാണ് സാമന്തയ്ക്ക് ആയി വിവാഹ സാരി ഒരുക്കിയത്. ചുവപ്പ് നിറത്തിലെ ബനാറസി സാരിയായിരുന്നു വിവാഹത്തിന് സാമന്ത ധരിച്ചത്.
കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 30 അതിഥികൾ മാത്രമാണുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഞായറാഴ്ച വൈകിട്ട് തന്നെ സാമന്തയും രാജും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാസങ്ങളായി ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2025 നവംബറിൽ തന്റെ ബ്രാൻഡ് ലോഞ്ച് പരിപാടിയിൽ രാജിനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ പങ്കിട്ടതാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. 2021ൽ ഹിറ്റ് വെബ് സീരീസായ ദി ഫാമിലി മാന്റെ രണ്ടാം സീസണിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പൊതുവേദികളില്‍ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. ഇരുവരും വാര്‍ത്തകളെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. 2021 ൽ അവർ വിവാഹമോചനം നേടി. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണിത്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022ൽ അവർ വേർപിരിഞ്ഞു. അതേസമയം വിവാഹവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് സാമന്തയോ രാജോ പരസ്യ പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല.
സിനിമകളിൽ നിന്ന് വിട്ട് നിൽക്കുമ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് സാമന്ത. വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ എനിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല.
ആയിരം കോടി ക്ലബ്ബിലുമില്ല. എന്നിട്ടും ഏറ്റവും സന്തോഷവതിയാണ് താനെന്ന് സാമന്ത പറയുന്നു. എല്ലാ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ഡയറി എഴുതുന്നത് എന്‍റെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറി. എന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും’ താരം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.