ഷാരുഖ് ഖാന്‍ ചിത്രം പത്താന്‍ ബഹിഷ്കരിക്കാൻ ആഹ്വാനം; വധഭീഷണിയെന്ന് സന്യാസിയുടെ പരാതി

ഷാരുഖ് ഖാന്‍ ചിത്രമായ പത്താന്‍ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സന്യാസിക്ക് വധഭീഷണിയെന്ന് പരാതി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഗുരു സഹോദരൻ' എന്ന് വിളിപ്പേരുള്ള സാധു ദേവ്നാഥാണ് തനിക്ക് വധഭീഷണി ലഭിച്ചതായി പരാതിനൽകിയിരിക്കുന്നത്. കച്ച് സാധു സമാജം പ്രസിഡന്റ് കൂടിയായ ദേവ്നാഥ് ബചൗ പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

'സലീം അലി എന്ന് പേരുള്ള ആരാധകൻ എന്റെ തലവെട്ടിയ പോസ്റ്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഷാരൂഖ് ഖാന്റെ പി.ആർ ടീമിൽ നിന്നുള്ളയാളാണ്. ആമിർ ഖാന്റെ 'ലാൽ സിങ് ഛദ്ദ' പോലെ ഷാരൂഖിന്റെ പുതിയ ചിത്രമായ 'പത്താൻ' സനാതനികൾ ബഹിഷ്‌കരിക്കാൻ അഭ്യർഥിച്ചുള്ള എന്റെ വ്യാഴാഴ്ചത്തെ ട്വീറ്റിനോടുള്ള പ്രതികരണമാണിത്'-ദേവ്നാഥ് പറയുന്നു.

ഞാൻ ഒരു സിനിമയ്ക്കും എതിരല്ല. മറിച്ച് ഇന്ത്യൻ ആരാധകരെ വളർത്തി രാജ്യത്തെ അധിക്ഷേപിക്കുന്ന നടന്മാർക്കെതിരാണ് ഞാൻ. താൻ ഒരു ജാതിക്കും മതത്തിനും സമുദായത്തിനും എതിരല്ലെന്നും എന്നാൽ രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും സന്യാസി പറഞ്ഞു.

ബോളിവുഡിലെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാനാണ് ഷാരൂഖ് പത്താനുമായി എത്തുന്നത്. ചിത്രം ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. 'ഷാരൂഖും, ദീപിക പദുകോണും മുമ്പ് ചെയ്തത് മറക്കരുത് അതുകൊണ്ട് പത്താന്‍ സിനിമ ബഹിഷ്‌കരിക്കണം' എന്നാണ് ബോയിക്കോട്ട് പത്താന്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ പറയുന്നത്. നേരത്തെ ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന സമരങ്ങള്‍ക്ക് ദീപിക പദുകോണ്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളും ട്വീറ്റിനൊപ്പം പങ്കുവെക്കുന്നുണ്ട്. ആമിര്‍ഖാന്‍ ചിത്രത്തെ ബോയിക്കോട്ട് ചെയ്ത് സിനിമ പാരാജയപെടുത്താന്‍ കഴിഞ്ഞുവെന്നും അതുപോലെ തന്നെ ഷാരുഖ് ചിത്രത്തെയും ബോയിക്കോട്ട് ചെയ്യണമെന്നുള്ള ആഹ്വാനമാണ് ട്വിറ്ററില്‍ ഉയരുന്നത്.

അതേസമയം വിദ്വേഷ പ്രചരണങ്ങളെ കവച്ചുവെക്കുന്ന തരത്തിലുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ നിലവില്‍ ട്രെന്റിങ്ങാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന ഹാഷ്ടാഗാണ് ബോയിക്കോട്ട് പത്താന്‍ ഹാഷ്ടാഗിന് എതിരായി ട്രെന്‍ഡ് ആയിരിക്കുന്നത്. നിലവില്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡ് ആയിരിക്കുന്നത് പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന ഹാഷ്ടാഗാണ്. ചിത്രം ആദ്യ ദിനം തന്നെ കാണുമെന്നും ഒരു തരത്തിലുള്ള വിദ്വേഷവും ചിത്രത്തെ ബാധിക്കില്ല എന്നുമാണ് നിരവധി പേര്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നത്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക. ദീപികയെ കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഷൂട്ട് ചെയ്ത ചിത്രം ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റിലാണ്. ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Tags:    
News Summary - Sadhu calls for boycott of SRK's film 'Pathan', gets death threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.