വാഴ ടീമിന് ആശംസകളുമായി രാം ചരൺ; ചിത്രത്തിന്‍റെ തെലുങ്ക് റിലീസ് ഉടൻ...

ഹൈദരാബാദ്: മലയാളത്തിൽ വൻ വിജയം നേടിയ 'വാഴ 2' തെലുങ്ക് പതിപ്പിന്റെ റിലീസിനൊരുങ്ങവെ, ചിത്രത്തിന് പിന്തുണയുമായി തെലുങ്ക് സൂപ്പർ താരം രാം ചരൺ. തന്റെ പുതിയ ചിത്രമായ 'പെദ്ദി'യുടെ ലൊക്കേഷനിൽ വെച്ച് സിനിമയുടെ അണിയറപ്രവർത്തകരെ നേരിൽ കണ്ടാണ് താരം ആശംസകൾ നേർന്നത്.

കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാഴ്ത്തിയ വാഴ 2 തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിന്റെ ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ച താരം മലയാളത്തിലെ ഈ വമ്പൻ വിജയം തെലുങ്കിലും ആവർത്തിക്കട്ടെ എന്ന് ആശംസിച്ചു. സാഹു ഗാരപാതിയും അർച്ചനയും ചേർന്നാണ് ചിത്രം തെലുങ്കിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമായ വിപിൻ ദാസ്, സംവിധായകൻ സാവിൻ എസ്.എ എന്നിവരടങ്ങുന്ന യുവനിരക്ക് രാം ചരൺ പിന്തുണ പ്രഖ്യാപിച്ചു.


ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറക്കിയത് നടൻ നാനിയാണ്. സാഹു ഗാരപതിയുടെ ഷൈൻ സ്‌ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഏപ്രിൽ 24-നാണ് ചിത്രത്തിന്‍റെ റിലീസ്. 

കേരളത്തിൽ ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി റെക്കോർഡിട്ട ചിത്രം ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെയാണ് വാഴയുടെ പ്രദർശനം തുടരുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് 'വാഴ 2'. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് 200 കോടി കലക്ഷൻ കിട്ടുന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായ 'പെദ്ദി'യുടെ തിരക്കിലാണ് രാം ചരൺ. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഗാനത്തിന്റെ ചിത്രീകരണം കൂടി ബാക്കിയുള്ള സിനിമ 2026 ജൂണിൽ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - Ram Charan welcomes and wishes Vaazha 2 team success ahead of its Telugu release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.