രാമായണ
രൺബീർ കപൂർ നായകനാകുന്ന നിതീഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്നാണ്. അടുത്തിടെ ചിത്രത്തിന്റെ അന്താരാഷ്ട്ര ഇംഗ്ലീഷ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിൽ രൺബീർ കപൂർ ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ ഇംഗ്ലീഷിലാണ് സംഭാഷണങ്ങൾ പറയുന്നത്. എന്നാൽ ട്രെയിലറിന് പിന്നാലെ റിലീസ് തിയതിയെച്ചൊല്ലി വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങളാണ് ഉയർന്നുവന്നത്.
അന്താരാഷ്ട്ര ട്രെയിലർ പ്രകാരം നവംബർ 6നാണ് ചിത്രം ആഗോളതലത്തിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിൽ നവംബർ 8ന് ദീപാവലി ദിനത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ചിത്രം ഇന്ത്യയിൽ ദീപാവലി ദിനമായ നവംബർ 8ന് തന്നെ പ്രദർശനത്തിനെത്തുമെന്ന് നിർമാതാവ് നമിത് മൽഹോത്ര പറഞ്ഞു. വിദേശ വിപണികളിൽ സാധാരണയായി വെള്ളിയാഴ്ചകളിലാണ് സിനിമകൾ റിലീസ് ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര തിയതി അത്തരത്തിൽ ക്രമീകരിച്ചതാണ്. എന്നാൽ ഇന്ത്യയിലെ പ്രേക്ഷകർക്കായി ദീപാവലി ദിനത്തിൽ തന്നെ ചിത്രം എത്തിക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
ചിത്രം ഇന്ത്യയിൽ നവംബർ 8ന് തന്നെ എത്തുകയാണെങ്കിൽ അത് ബോക്സ് ഓഫീസിനെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. കാരണം സാധാരണയായി ദീപാവലി ദിനത്തിൽ സിനിമകൾ റിലീസ് ചെയ്യുന്നത് വലിയ വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. ആളുകൾ ആഘോഷങ്ങളിൽ മുഴുകുന്നതിനാലും, ലക്ഷ്മി പൂജയും കുടുംബത്തോടൊപ്പമുള്ള സമയവും ആയതിനാലും അന്നേ ദിവസം തിയറ്ററുകളിൽ ആളുകയറുന്നത് താരതമ്യേന കുറവായിരിക്കും.
സൽമാൻ ഖാൻ ചിത്രമായ ‘ടൈഗർ 3’ ദീപാവലി ദിനമായ ഞായറാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ദീപാവലി പൂജകളും ആഘോഷങ്ങളും കാരണം ആദ്യദിനം പ്രതീക്ഷിച്ചത്ര കലക്ഷൻ സിനിമക്ക് നേടാനായില്ല. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ മറ്റ് സിനിമകളെ അപേക്ഷിച്ച് 'ടൈഗർ 3'യുടെ ഓപ്പണിങ് കലക്ഷൻ കുറവായിരുന്നു.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ആദ്യദിനം 44.5 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. എന്നാൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച റിലീസ് ചെയ്ത ഷാറൂഖ് ഖാന്റെ 'പത്താൻ' ആദ്യദിനം 57 കോടിയും, ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 280 കോടിയും വാരികൂട്ടിയിരുന്നു. മറിച്ച് 'ടൈഗർ 3'ക്ക് ആദ്യ അഞ്ച് ദിവസങ്ങളിൽ 187.65 കോടി രൂപ മാത്രമാണ് നേടാനായത്.
ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ റിലീസ് ചെയ്യുമ്പോൾ നേരിടുന്ന ഇത്തരം ബോക്സ് ഓഫീസ് തടസ്സങ്ങളെ മറികടക്കാൻ ഇന്ത്യക്കാരുടെ വികാരമായ ഈ ഇതിഹാസ കാവ്യത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ആദ്യദിനം തന്നെ ചിത്രം വലിയൊരു ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.