ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യാഷ് നായകനായെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ന്റെ ട്രെയിലർ ലോഞ്ച് ബെംഗളൂരുവിൽ പ്രത്യേക ചടങ്ങിൽ നടന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കൃത്യം രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ നടന്ന ട്രെയിലർ ലോഞ്ച് റിലീസിന് മുന്നോടിയായി ആരാധകരിലും സിനിമാപ്രേമികളിലും ആവേശം ഇരട്ടിയാക്കി.
വമ്പൻ താരനിരയും ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയിലർ ‘ടോക്സിക്’ പ്രേക്ഷകർക്കായി ഒരുക്കുന്ന വേറിട്ട ലോകത്തിന്റെ ഭംഗിയും വിസ്മയവും അവതരിപ്പിക്കുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിലടക്കം ശക്തമായിരിക്കുകയാണ്.
ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്ന ‘ടോക്സിക്’ കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഏറ്റവും വിപുലമായ തിയറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തുടനീളം റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായി ചിത്രം പ്രദർശനത്തിനെത്തും. ‘ടോക്സിക്’ന്റെ കർണാടക വിതരണവും ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർവഹിക്കുന്നത്.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്’ൽ യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആവേശം നിറച്ച ട്രെയിലർ ലോഞ്ചിന് പിന്നാലെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.