പി.വി.ആറിൽ 190 രൂപക്ക് സിനിമ ടിക്കറ്റ്? കുറഞ്ഞ ചെലവിലുള്ള തിയറ്ററുകൾ ആരംഭിക്കാൻ പദ്ധതിയുമായി കമ്പനി

ന്യഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ ഐനോക്സ്, ചെറിയ നഗരങ്ങളെ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവിലുള്ള പുതിയ സിനിമ തിയറ്ററുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ടിക്കറ്റ് റേറ്റ് പരമാവധി 189 രൂപയാക്കി നിജപ്പെടുത്തും.

മുസാഫർപൂർ, ബരാക്പൂർ, ഹനുമാൻഗഡ് തുടങ്ങിയ നഗരങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 300 സ്മാർട്ട് സിനിമാ ഹാളുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ തിയറ്ററുകൾ ഫ്രാഞ്ചൈസി പങ്കാളികളുടെ ഉടമസ്ഥതയിലുള്ളതായിരിക്കും. എന്നാൽ ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പി.വി.ആർ ഐനോക്സ് ആയിരിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്ലി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മെട്രോപൊളിറ്റൻ നഗരങ്ങളിലെ ശരാശരി ടിക്കറ്റ് നിരക്കിനേക്കാൾ ഏകദേശം 40 ശതമാനം കുറവായിരിക്കും പുതിയ തിയറ്ററുകളിലെ ടിക്കറ്റ് നിരക്കുകൾ. പോപ്കോൺ, നാച്ചോസ് തുടങ്ങിയ ജനപ്രിയ ഭക്ഷണ സാധനങ്ങളുടെ വിലയും കുറവായിരിക്കും. ചെറിയ നഗരങ്ങളിലെ ഭൂമി, മൂലധനച്ചെലവ്, വൈദ്യുതി, തൊഴിലാളികൾ എന്നിവയുടെ കുറഞ്ഞ ചെലവ് ഈ കുറഞ്ഞ നിരക്കിൽ തിയേറ്റർ സ്ഥാപിക്കാനുള്ള പ്രോജക്ടിനെ പിന്തുണക്കുമെന്ന് ബിജ്ലി പറഞ്ഞു.

സ്മാർട്ട് സിനിമാ പദ്ധതിക്ക് പുറമെ, അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ കമ്പനി പ്രതിവർഷം 150 സാധാരണ സ്ക്രീനുകൾ കൂടി ചേർക്കും. കൂടാതെ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി മൾട്ടിപ്ലക്സുകൾക്കുള്ളിൽ ഫോട്ടോ ബൂത്തുകളും വെർച്വൽ റിയാലിറ്റി ഗെയിമുകളും കമ്പനി പരീക്ഷിക്കുന്നുണ്ട്.

ബോക്സ് ഓഫീസ് കളക്ഷനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, സ്പോർട്സ് പ്രദർശനങ്ങൾ, കൺസേർട്ട് സംപ്രേക്ഷണം, ടെഡ് ടോക്സ്, ഭക്തി ഗാനമേളകൾ, കോർപ്പറേറ്റ് ബോർഡ് മീറ്റിങ്ങുകൾ തുടങ്ങിയ ഇതര പ്രോഗ്രാമുകളും പി.വി.ആർ ഐനാക്സ് വിപുലീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത്തരം ഇതര പരിപാടികൾക്കായി ഏകദേശം 12 ലക്ഷം പേർ എത്തിയിരുന്നു. ഈ വർഷം ഇതിൽ 10% വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - pvr to start low cost cenema theater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.