പ്രിയമണിയും വിദ്യ ബാലനും
ബോളിവുഡ് താരം വിദ്യ ബാലനും ദക്ഷിണേന്ത്യൻ നായിക പ്രിയ മണിയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേരുടേയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്. സി.എൻ.എൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രിയാമണി സംസാരിച്ചിരുന്നു. കസിൻസ് ആണെങ്കിലും സംസാരിക്കാനുള്ള ബന്ധമൊന്നും തങ്ങൾക്കിടയിലില്ലെന്ന് പ്രിയാമണി പറഞ്ഞു.
'ഞങ്ങൾ പൊതുവെ സംസാരിക്കാറില്ല. ബന്ധുക്കളാണെങ്കിലും അത്തരമൊരു കണക്ഷൻ ഞങ്ങൽക്കിടയിലില്ല. ഞാൻ കൂടുതലായി സംസാരിക്കാറ് വിദ്യയുടെ അച്ഛൻ ബാലൻ അങ്കിളുമായിട്ടാണ്. എന്നെ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ അദ്ദേഹം അച്ഛനെ വിളിച്ച് കാര്യങ്ങൾ തിരക്കാറുണ്ട്. വിദ്യ ബാലൻ ഒരു അസാധാരണ നടിയാണ്. പരസ്പരമുള്ള ബഹുമാനം എപ്പോഴും ഉണ്ടാകും. അവർ വീണ്ടും സ്‌ക്രീനുകളിൽ വരുന്നത് കാണാനുള്ള ആകാംക്ഷയിലാണു ഞാൻ. ഒരു പ്രേക്ഷക എന്ന നിലയിൽ, അവർ എന്ന ശക്തയായ നടിയെ ഞാൻ ശരിക്കും മിസ് ചെയ്യുന്നു' -പ്രിയ മണി പറഞ്ഞു.
2024ൽ പുറത്തിറങ്ങിയ ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3യിലാണ് വിദ്യ ബാലൻ അവസാനമായി അഭിനയിച്ചത്. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരും അഭിനയിച്ചു. അജയ് ദേവ്ഗണിന്റെയും രോഹിത് ഷെട്ടിയുടെയും സിങ്കം എഗെയ്ൻ എന്ന ചിത്രവുമായി ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്സ് ഓഫിസ് വിജയമായിരുന്നു. ചിത്രം 389.28 കോടി കലക്ഷൻ നേടി. വിദ്യ ഇതുവരെ തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടില്ല.
കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ അഭിനയിച്ച മലയാള ആക്ഷൻ ത്രില്ലർ ഓഫീസർ ഓൺ ഡ്യൂട്ടിയിയാണ് പ്രിയാമണി ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തിൽ, മീനാക്ഷി അനൂപ്, വിശാഖ് നായർ, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എച്ച്. വിനോദിന്റെ ജന നായകൻ എന്ന ചിത്രത്തിലാണ് പ്രിയാമണി അടുത്തതായി അഭിനയിക്കുന്നത്. വിജയ്, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ എന്നിവരും മറ്റു കഥാപാത്രങ്ങളിൽ എത്തുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന പ്രോജക്റ്റ് ആണിത്. ചിത്രം 2026 ജനുവരിയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.