ബോളിവുഡും മലയാള സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന പുതിയ ചിത്രം ' ദായര'യുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാർ ഒരുക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.സി.പി അജൂണി കോഹ്‌ലിയായി കരീനയും ഡി.സി.പി രാമൻ കുമാറായി പൃഥ്വിരാജും പൊലീസ് വേഷത്തിൽ ഒന്നിക്കുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
ഒരു പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത യുവാക്കളെ വിജനമായ സ്ഥലത്തെത്തിച്ച് വെടിവെച്ചുകൊന്ന് 'എൻകൗണ്ടർ' ആണെന്ന് വരുത്തിതീർക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിലൂടെയാണ് ട്രെയിലർ പുരോഗമിക്കുന്നത്. മുൻപും ആത്മരക്ഷാർത്ഥം എന്ന പേരിൽ ഇത്തരത്തിൽ മൂന്ന് എൻകൗണ്ടറുകൾ നടത്തിയ രാമൻ കുമാറിന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാനാണ് കരീനയുടെ കഥാപാത്രമായ അജൂണി കോഹ്‌ലി എത്തുന്നത്.
ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കൗമാരക്കാരെ സംരക്ഷിക്കുന്ന കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ ചോദ്യം ചെയ്യുന്ന രാമൻ കുമാറും, നിയമത്തിന്റെ അതിരുകൾക്കുള്ളിൽ നിന്ന് മാത്രം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന അജൂണിയും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
നിയമവ്യവസ്ഥയുടെ പരിമിതികളും നീതി നടപ്പാക്കലിലെ വൈരുദ്ധ്യങ്ങളും ചർച്ച ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 18-നാണ് തിയറ്ററുകളിൽ എത്തുന്നത്. ജംഗ്ലി പിക്ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമിച്ച ഈ ചിത്രത്തിലൂടെ കരീനയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് കരീന ഒരു വലിയ ചിത്രവുമായി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്. തൽവാർ, രാസി, സമ ബഹാദൂർ തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച മേഘ്ന ഗുൽസാർ ഇത്തവണയും ശക്തമായ പ്രമേയവുമായി പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.