മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ വിനീത് ശ്രീനിവാസനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുകയാണെന്ന വാർത്ത സ്ഥിരീകരിച്ച് വിനീത് ശ്രീനിവാസൻ. സംവിധായകൻ അഭിജിത് സർയ്യയുടെ പുതിയ ചിത്രമായ ചടങ്ങിന്റെ പൂജക്കിടയിലാണ് വിനീത് ശ്രീനിവാസൻ തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകുമെന്ന് വിനീത് വെളിപ്പെടുത്തിയത്. 2027-ൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിവിൻ-വിനീത് കോമ്പോയെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വിനീത് ശ്രീനിവാസനും നിവിൻ പോളിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നിവയാണ് ഈ കൂട്ടുകെട്ടിൽ പിറന്ന പ്രധാന ചിത്രങ്ങൾ. കൂടാതെ, വിനീതിന്റെ സമീപകാല ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും നിവിൻ ഒരു പ്രധാന കാമിയോ വേഷത്തിൽ എത്തിയിരുന്നു.
അഭിജിത് സർയ്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന സിനിമയുടെ പൂജാ ചടങ്ങിനിടയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനും സുരേഷ് കൃഷ്ണയും ജഗദീഷും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദുൽഖർ സൽമാനും നിവിനും ഒന്നിക്കുന്നുവെന്ന സൂചനയും വിനീത് ശ്രീനിവാസൻ പറയുകയുണ്ടായി. എന്‍റം പ്ലാനിൽ നിവിനും ദുൽഖറുമൊന്നിച്ചുള്ള പടമില്ല, പക്ഷേ അവർ തമ്മിൽ എന്തോ സംസാരിച്ചുവെച്ചിട്ടുണ്ട്. അത്തരം കോമ്പിനേഷൻ പടങ്ങൾ വരട്ടെ എന്നാണ് വിനീത് പറഞ്ഞത്.
അതേസമയം, നിരവധി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നിവിൻ പോളി. ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ സംവിധായകൻ നഷിദ് ഫാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന NP 51 ആണ് നിവിന്റെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളിൽ ഒന്ന്. 2026 ഓഗസ്റ്റിൽ പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി തുടക്കം കുറിച്ച ഈ ചിത്രം ഒരു മുഴുനീള കോമഡി എന്റർടൈനർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കന്നഡ നടി രുഗ്മിണി വസന്ത് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്. അജു വർഗീസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.