തേന്മാവിൻ കൊമ്പത്ത്

മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ എവർഗ്രീൻ ക്ലാസിക്; 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിലേക്ക്

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ പ്രിയദർശൻ ചിത്രം, അത്യാധുനിക 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തിലുമാണ് സെപ്റ്റംബറിൽ റീ-റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ-റിലീസ് ടീസർ പുനരുദ്ധാരണ ജോലികൾ ഏറ്റെടുത്ത 'മാറ്റിനി നൗ' പുറത്തുവിട്ടിട്ടുണ്ട്.

1994ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്' മലയാളികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന കോമഡി എന്റർടൈനറുകളിൽ ഒന്നാണ്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഗ്രാമീണ സൗന്ദര്യവും റൊമാൻസും ചിരിയും സംഗീതവും ഒത്തിണങ്ങിയ ഒരു ദൃശ്യവിരുന്നായിരുന്നു. കെ.വി. ആനന്ദ് ആയിരുന്നു ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. മോഹൻലാലിനും ശോഭനക്കും  പുറമെ നെടുമുടി വേണു, തിക്കുറിശ്ശി, ശ്രീനിവാസൻ, സുകുമാരി, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ചിത്രത്തിന്റെ ഒറിജിനൽ 35 എം.എം പ്രിന്റ് പൂർണ്ണമായും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പുനരുദ്ധരിച്ചാണ് 4K നിലവാരത്തിലേക്ക് മാറ്റിയത്. ഒപ്പം ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഭാഷണങ്ങളും ഡോൾബി അറ്റ്‌മോസ് മിക്സിങ്ങിലൂടെ പുതിയ അനുഭവമാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ പഴയ തനിമ ഒട്ടും ചോർന്നുപോകാതെയാണ് റീ-റിലീസിനായി തയാറാക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ചിത്രത്തിന്റെ റീ-റിലീസ് ടീസർ പങ്കുവെച്ചുകൊണ്ട്, സിനിമയും അതിന്റെ നല്ല ഓർമകളും ഒറിജിനൽ സ്പിരിറ്റ് നഷ്ടപ്പെടുത്താതെ വലിയ തിയറ്ററുകളിൽ എത്തിക്കാനുള്ള ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് 'മാറ്റിനി നൗ' വ്യക്തമാക്കി. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ പല പ്രമുഖ താരങ്ങളും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെയെല്ലാം മികച്ച പ്രകടനങ്ങൾ പുതിയ തലമുറയ്ക്കും പ്രേക്ഷകർക്കും വീണ്ടും വലിയ തിയേറ്ററുകളിൽ അനുഭവിച്ചറിയാൻ ഈ റീ-റിലീസ് അവസരമൊരുക്കുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.

ഞാന്‍ ഒരു സിനിമയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യാറില്ല. അത് റീമേക്ക് ആണോ ഒറിജിനല്‍ ആണോ എന്നൊന്നും ചിന്തിക്കാറില്ല. ഇഷ്ടപ്പെടുന്ന ഒരു കഥ സിനിമയാക്കുന്നു എന്നുമാത്രം. എനിക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്ന ചിത്രങ്ങളാണ് മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവ. പക്ഷേ അവ പ്രതീക്ഷിച്ച രീതിയില്‍ ഓടിയില്ല. മറുവശത്ത്, ഏറെ സംശയത്തോടെയാണ് തേന്മാവിന്‍ കൊമ്പത്ത് ചെയ്തത്. എന്നാല്‍ അത് വര്‍ക്കായി. ഇന്നും ഏത് സിനിമയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുക, ഏതാണ് പരാജയപ്പെടുക എന്നത് എനിക്ക് ഇന്നും അറിയില്ല പ്രിയദര്‍ശന്‍ മുമ്പ് പറഞ്ഞിരുന്നു. 

Tags:    
News Summary - 'Thenmavin Kombathu' Set for 4K Dolby Atmos Theatrical Re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.