വിജയദശമി ദിനത്തിൽ വിജയ് ദേവരകൊണ്ടയുടെ 'രണബാലി' തിയറ്ററുകളിലേക്ക്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം 'രണബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാളുമേന്തി രൗദ്രഭാവത്തിൽ നിൽക്കുന്ന വിജയ് ദേവരകൊണ്ടയുടെ മാസ്സ് ലുക്കിലുള്ള റിലീസ് പോസ്റ്റർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ദസറ ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കാൻ 'രണബാലി'ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആർനോൾഡ് വോസ്ലൂ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

‘നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിൽ ഇരുവരുടേയും പ്രണയാ‍ര്‍ദ്ര നിമിഷങ്ങൾ കോർത്തിണക്കിയ 'ഏൻന്തയ്യ സാമി...' എന്ന മനോഹരമായ ഗാനം പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും രശ്‌മിക, വിജയ് ദേവരകൊണ്ട ബെർത്ഡേ സ്പെഷൽ വീഡിയോയും സോഷ്യൽ മീഡിയയിലാകെ തരംഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി,

പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

Tags:    
News Summary - vijay deverakonda ranabali release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.