'തലയിൽ മൂളയും വിവരവുമുള്ളവർക്ക് സിനിമ ഇഷ്ടപ്പെടും'; 'ടോക്സിക്' വിമർശകർക്കെതിരെ നടി ഹർഷിത പിഷാരടി

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായെത്തിയ 'ടോക്സിക്' എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടി ഹർഷിത പിഷാരടി. സിനിമയെ വിമർശിക്കുന്നവർക്ക് തലയിൽ വിവരമില്ലെന്നും മൂളയും വിവരവുമുള്ളവർക്ക് ചിത്രം ഉറപ്പായും ഇഷ്ടപ്പെടുമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ താരം തുറന്നടിച്ചു. താൻ അമ്മയോടൊപ്പമാണ് സിനിമ കണ്ടതെന്നും അവർക്ക് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ഹർഷിത വ്യക്തമാക്കി.

"സത്യം പറയുകയാണെങ്കിൽ ഈ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇത്രയധികം ഹേറ്റ് വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒന്നുകിൽ നിങ്ങളുടെ തലയ്ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടാകാം, അല്ലെങ്കിൽ അത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാകാം. ഇതൊരു മികച്ച സിനിമയാണ്. തലയിൽ മൂളയും വിവരവുമുള്ളവർ പോയി കാണുക. അല്ലാത്തവർ ഒരു പണിയുമില്ലാതെ അവിടെ കുറ്റം പറഞ്ഞുകൊണ്ട് കമന്റുകൾ ഇട്ടുകൊണ്ടിരിക്കുക," ഹർഷിത പറഞ്ഞു.

ഇത് മുതിർന്നവർക്കുള്ള സിനിമയാണിതെന്നും വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത അപക്വമതികൾക്കുള്ളതല്ല ഇതെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തെ ലൈംഗികതയുടെ പേരിൽ അധിക്ഷേപിക്കുന്നവർക്കെതിരെയും ഹർഷിത ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

"ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ പറയുകയാണ്, ഈ സിനിമയിൽ സ്ത്രീശക്തിയും പുരുഷ ഊർജ്ജവും യാതൊരുവിധ അശ്ലീലതയുമില്ലാതെ തികച്ചും തുല്യമായി അവതരിപ്പിച്ചിട്ടുണ്ട്.

മൂന്ന് സെക്കൻഡ് റീലുകൾ കണ്ട് അഭിപ്രായം പറയുന്നവർ സിനിമയുടെ അന്തസ്സത്ത മനസ്സിലാക്കുന്നില്ല. '365 ഡേയ്‌സ്', '50 ഷേഡ്‌സ്' തുടങ്ങിയ വിദേശ ചിത്രങ്ങൾ കണ്ടവർ ഇതിനെ ഒരിക്കലും തെറ്റായി വ്യാഖ്യാനിക്കില്ല," താരം വ്യക്തമാക്കി. 'മൂൺവാക്ക്', 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഹർഷിത പിഷാരടി.

Tags:    
News Summary - Harshitha Pisharody Slams Trolls Targeting Yash-Starrer 'Toxic'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.