ജയസൂര്യയുടെ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ ടീസർ പുറത്ത്

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിച്ച് ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' ടീസർ പുറത്തിറങ്ങി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ജമ്മു കാശ്മീരിലെ ത്രാളിൽ സംഭവിച്ച നിർണ്ണായകമായ ഏറ്റുമുട്ടലിനെയും തുടർന്നുള്ള എൻ.ഐ.എ അന്വേഷണത്തെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എൻ.ഐ.എ ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്.

കാശ്മീരിലെ സായുധ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും, അതിനു പിന്നിലെ രഹസ്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ടീസർ. കഥയുടെ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്താതെ, സങ്കീർണ്ണവും സംഘർഷഭരിതവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ ടീസറിന് സാധിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Full View

മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള ഹൈ-സ്റ്റേക്സ് ആക്ഷൻ രംഗങ്ങളും തീവ്രമായ അന്വേഷണ മുഹൂർത്തങ്ങളുമാണ് ജയസൂര്യയുടെ കഥാപാത്രത്തിലൂടെ സിനിമ മുന്നോട്ടുവെക്കുന്നത്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു-മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായി വിപുലമായ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ എന്നിവർക്കൊപ്പം വിക്രം കൊച്ചാർ, യഷ് പാൽ ഗേര, മിർ സർവർ അടക്കമുള്ള ബോളിവുഡ് താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രതീഷ് വേഗ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നജോസ്, എഡിറ്റിംഗ്: ഷഫീഖ് വി.ബി, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ.

Tags:    
News Summary - operation tral teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.