പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ? നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

പുതിയ കാലത്തെ അഭിനേതാക്കൾക്ക് സിനിമയിലെ താരമൂല്യത്തിനൊപ്പം വിലനൽകുന്നതാണ് സമൂഹമാധ്യമത്തിലെ ഫോളോവേഴ്സിന്റെ എണ്ണം. അതിനാൽത്തന്നെ എല്ലാവരും അക്കാര്യത്തിൽ ശ്രദ്ധാലുക്കളുമാണ്. ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യ വരുമാനം ലഭിക്കുമെന്നതും സോഷ്യൽമീഡിയയുടെ ആകർഷകത്വമാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത താരങ്ങളും വിവിധ ഭാഷകളിലുണ്ട്. അത്തരമൊരാളാണ് തെലുഗു നടൻ പ്രഭാസ്. ഇന്ത്യൻ സിനിമയിലെ ബാഹുബലിയെപ്പറ്റിയുള്ള ആരാധകരുടെ പ്രധാന പരാതിയും സോഷ്യൽ മീഡിയയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നു എന്നാണ്.


പ്രഭാസിന് ഫേസ്ബുക്, ഇൻസ്റ്റഗ്രാം അകൗണ്ടുകൾ ഉണ്ടെങ്കിലും അപൂർവ്വമായി മാത്രമാണ് പോസ്റ്റുകൾ ഇടുന്നത്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന് 80ലക്ഷം ഫോളോവേഴ്സുണ്ട്. തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെയും ഷൂട്ടുകളുടെയും വിശദാംശങ്ങൾ മാറ്റിനിർത്തിയാൽ, സഹതാരങ്ങൾക്ക് പതിവായി ജന്മദിനാശംസകൾ നേരുകയാണ് അദ്ദേഹം ചെയ്യുന്നത്. വ്യക്തിപരമായ കൂടുതൽ വിശേഷങ്ങൾകൂടി നടൻ പങ്കുവയ്ക്കണമെന്നത് ആരാധകരുടെ നിരന്തര ആവശ്യമാണ്.


എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ നടൻ നടത്തിയ പ്രതികരണം ചിലരെയെങ്കിലും ഞെട്ടിച്ചു. പുതിയ ചിത്രമായ 'രാധേ ശ്യാം' റിലീസിന് തയാറെടുത്ത വേളയിലാണ് പ്രഭാസിന്റെ പുത്തൻ വെളിപ്പെടുത്തൽ വന്നത്. സിനിമാ അപ്‌ഡേറ്റുകൾക്കല്ലാതെ മറ്റൊന്നിനും താൻ ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കില്ലെന്നാണ് പ്രഭാസ് പറയുന്നത്. താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബാഹുബലി സിനിമയുടെ അണിയറപ്രവർത്തകർ സൃഷ്ടിച്ചതാണെന്നും നടൻ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത് രാധേ ശ്യാമിന്റെ അണിയറക്കാരാണെന്നും താരം പറഞ്ഞു.

തന്റെ അടുത്ത ചിത്രമായ രാധേ ശ്യാമിന്റെ പ്രചരണത്തിനായി അദ്ദേഹം രാജ്യമെമ്പാടും പര്യടനം നടത്തുകയാണ്. ഭാവിയെ മുൻകൂട്ടി കാണാനും ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനും കഴിയുന്ന കൈനോട്ടക്കാരനായ വിക്രമാദിത്യനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയാണ്. മാർച്ച് 11ന് സിനിമ റിലീസ് ചെയ്യും.

Tags:    
News Summary - Prabhas to Quit Social Media? Know What Radhe Shyam Actor Has to Say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.