പത്താൻ വിവാദം അവസാനിക്കുന്നില്ല. ഷാറൂഖ് ഖാന് ശേഷക്രിയ നടത്തി ആയോധ്യയിലെ മഹന്ത് പരമഹൻസ് ആചാര്യ. ഷാറൂഖിനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നടന് മരണാനന്തര കർമങ്ങൾ നടത്തിയത്. പത്താനിലെ ബേഷരം രംഗ് എന്ന ഗാനത്തിലൂടെ നടൻ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിദ്വേഷ നീക്കം.
തിങ്കളാഴ്ച അയോധ്യയിലായിരുന്നു സംഭവം. ഒരു മൺപാത്രവുമായി നിലത്തിരിക്കുകയും മന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം അത് നിലത്ത് ഉടയ്ക്കുകയുമായിരുന്നു. പരമഹൻസിനെ പിന്തുണക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ ചടങ്ങ് നടന്നത്.
പത്താൻ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ തീയിടുമെന്ന് പരംഹംസ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പ്രേക്ഷകരോട് ചിത്രം ബഹിഷ്കരിക്കണമെന്നും അറിയിച്ചിരുന്നു. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങൾ എപ്പോഴും സനാതന മതങ്ങളെ പരിഹസിക്കുന്നെന്നും ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് ഞങ്ങളെ വേദനിപ്പിച്ചെന്നും പുരോഗിതൻ കൂട്ടിച്ചർത്തു.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. പത്താനിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഗാനരഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
എന്നാൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ പത്താന് വേണ്ടി കാത്തിരിക്കുന്നത്. നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന ഷാറൂഖ് ചിത്രത്തിൽ നടൻ ജോൺ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് നിർമിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ആമസോൺ പ്രൈം ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.