ട്രെയിലർ അല്ല, പക്ഷെ......; ചരിത്രത്തിൽ ഇടം നേടി എമ്പുരാൻ, ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങി കഴിഞ്ഞു. സിനിമ പ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്തയായി മലയാളത്തിലെ ആദ്യത്തെ ഐമാക്സ് ചിത്രം എമ്പുരാൻ റിലീസ് ചെയ്യുമെന്ന് സംവിധായകൻ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിൻറെ പ്രധാന നിർമ്മാതാവ്. സഹ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനുമായുള്ള അവസാന നിമിഷത്തെ ചില പ്രശ്നങ്ങൾ പരിഹരിച്ച് ശ്രീ ഗോകുലം മൂവീസ് പ്രദർശനാനുമതി നേടിയിരുന്നു.

ട്രെയിലർ അല്ല, പക്ഷെ..........

എല്ലാ സാമ്പത്തിക കാര്യങ്ങളും പരിഹരിച്ചു. അടുത്തഘട്ടം എമ്പുരാൻ ട്രെയിലർ ആയിരിക്കുമെന്ന് ആരാധകർ കരുതി. ഒരുമാസം മുൻപ് തന്നെ ടീസർ റിലീസ് ചെയ്തിരുന്നു. അതിന് ശേഷമാണ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്. പിന്നീട് മാർച്ച് 17ന് സാമൂഹ്യമാധ്യമത്തിൽ മറ്റൊരു അപ്ഡേറ്റ് ഉണ്ടാകുമെന്നും അത് ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ടാക്കി. പക്ഷെ പ്രതീക്ഷകൾ പൂർണമായി തകർന്നില്ല. ട്രെയിലറിന്റെ സൂചനകളൊന്നും ഇല്ലായിരുന്നെങ്കിലും ചിത്രം ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മഹേഷ് ബാബുവിനോടപ്പമുള്ള എസ്.എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്റെ ഷെഡ്യൂൾ കഴിഞ്ഞ് താരം തിരിച്ചെത്തിയിട്ടുണ്ട്. മാർച്ച് 20ന് മുംബെയിൽ ആരംഭിച്ച് മാർച്ച് 25 ബംഗളുരുവിൽ അവസാനിക്കുന്ന മറ്റൊരു പ്രമോഷണൽ ടൂറിന്റെ ഭാഗമായി മുംബെയിൽ നടക്കുന്ന ചടങ്ങിൽ ട്രെയിലർ പുറത്തിറക്കാൻ സാധ്യതയുണ്ട്.

ഇത്തവണ പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായികുമാർ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേക്കർ, സാനിയ അയ്യപ്പൻ, നന്ദു എന്നിവരടങ്ങുന്ന പ്രധാന അഭിനേതാക്കളെ കൂടാതെ അഭിമന്യു സിംഗ്, സുരാജ് വെഞ്ഞാറമൂട്, എറിക് എബൗയേനെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഖുറേഷി അബ്രാം എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ (മോഹൻലാൽ) ഭൂതകാലം ബിഗ് സ്‌ക്രീനിൽ കാണാനായി ആരാധകർ ഒരുങ്ങിക്കഴിഞ്ഞു.

Tags:    
News Summary - Not a trailer, but...; Empuraan makes history as the first Malayalam film to be released in IMAX

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.