‘വടക്കൻ കേരളം ഭീകര-ശൃംഖലയുടെ കേന്ദ്രം’; വീണ്ടും വിദ്വേഷം വമിപ്പിച്ച് കേരള സ്റ്റോറി സംവിധായകൻ - വിഡിയോ

വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’യുടെ സംവിധായകനായ സുദീപ്തോ സെൻ വീണ്ടും കേരളത്തെ കുറിച്ച് വിദ്വേഷ പ്രസ്താവനയുമായി രംഗത്ത്. തെക്കൻ കർണാടകയുമായി ബന്ധിപ്പിക്കുന്ന കേരളത്തിന്റെ വടക്കൻ ഭാഗം തീവ്രവാദ ശൃംഖലയുടെ കേന്ദ്രമാണെന്നാണ് മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംവിധായകൻ ആരോപിച്ചത്. സംസ്ഥാനത്തിന്റെ ഒരു ഭാഗം അതിമനോഹരമാണെങ്കിൽ മറുഭാഗം ഭീകര ശൃംഖലയുടെ കേന്ദ്രമാണെന്നും സുദീപ്തോ സെൻ പറഞ്ഞു. നിർമാതാവായ വിപുൽ അമൃതലാൽ ഷാ അടക്കം സിനിമയുടെ അണിയറപ്രവർത്തകരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തിരുന്നു.

"...കേരളത്തിനുള്ളിൽ തന്നെ രണ്ട് തരം കേരളമുണ്ട് - ഒന്ന് ചിത്രങ്ങളിലോ പോസ്റ്റ്കാർഡിലോ ഉള്ളത് പോലെ, കായലും മനോഹരമായ ഭൂപ്രകൃതിയും കളരിപ്പയറ്റും നൃത്തവും ആയോധനകലകളുമുള്ള കേരളം, മറ്റൊരു കേരളം - കേരളത്തിന്റെ വടക്കൻ ഭാഗമാണ് - അതായത്, മലപ്പുറം, കാസർകോട്,കോഴിക്കോട് എന്നിങ്ങനെ ദക്ഷിണ കർണാടകയിലെ മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളുമായി അതിർത്തി പങ്കിടുന്ന ഭാഗം, അവിടമൊരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ്..." - സംവിധായകൻ സുദീപ്തോ സെൻ പറയുന്നു.




 ‘നിരവധി പെൺകുട്ടികളെ ടാങ്കറുകളിൽ എറിഞ്ഞ് കൊല്ലുന്ന വിഡിയോകൾ തന്നെ കാണിച്ചതായി’ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയ അദാ ശർമ പറഞ്ഞു. ‘ലൈംഗികവ്യാപാരത്തിനും കുട്ടികളെ ജനിപ്പിക്കാനുള്ള യന്ത്രമായി ഉപയോഗിക്കുന്ന സ്ത്രീകളും, തീവ്രവാദികളാക്കാൻ കഴിയുന്ന കുട്ടികളെയും, ചാവേർ ബോംബർമാരെയും മാത്രമാണ് ജീവനോടെ നിലനിർത്തുന്നതെ’ന്നും നടി പറഞ്ഞു.

ചിത്രം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായുള്ള വിവാദങ്ങളോട് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇരകളായ ആയിരക്കണക്കിന് പെൺകുട്ടികളെ തങ്ങൾ കണ്ടിട്ടുണ്ടെന്നും യഥാർഥ കണക്കുകൾ ഉടൻ പുറത്തുവിടുമെന്നും നിർമാതാവ് പറഞ്ഞു. 32,000 എന്ന കണക്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു.

മൂന്ന് പെൺകുട്ടികളെ ചുറ്റിപ്പറ്റിയാണ് ഞങ്ങൾ സിനിമ നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ടാണ് 3 എന്ന നമ്പർ പറയുന്നത്, അതിന് കേരളത്തിൽ നടക്കുന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ല. ഈ മൂന്ന് പെൺകുട്ടികളിലൂടെ കേരളത്തിലെ ആയിരക്കണക്കിന് പെൺകുട്ടികളുടെ കഥയാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചത്. ചില മാധ്യമപ്രവർത്തകർ അവരെ പിന്തുണക്കുകയും ഞങ്ങളുടെ സിനിമയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് തീർത്തും നിരാശാജനകമാണ്.

‘എത്രയോ പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കപ്പെടുന്നു, പക്ഷേ അവരെ പിന്തുണയ്ക്കുന്നതിന് പകരം സിനിമയെ അപകീർത്തിപ്പെടുത്താനും അത് തെറ്റാണെന്ന് തെളിയിക്കാനും അവർ ശ്രമിച്ചു. 7,000 ആണെന്ന് അവർ പറയുന്നു, ഉടൻ ഞങ്ങൾ യഥാർഥ കണക്കുകളുമായി വരും, 32,000 പെൺകുട്ടികൾ ഉൾപ്പെടെ എല്ലാം ഞങ്ങൾ തുറന്നുകാട്ടും. ഈ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ സഹായിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’. - നിർമാതാവ് പറഞ്ഞു.

അതേസമയം, 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ദി കേരള സ്റ്റോറി മാറിയെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. ഇതുവരെ 156.69 കോടി രൂപയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ.



Tags:    
News Summary - Northern Part of Kerala Is A Terror-Network Hub says The Kerala Story Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.