ഈ ആഴ്ച ഒ.ടി.ടിയിലെത്തിയത് അഞ്ച് ചിത്രങ്ങൾ

ഈ ആഴ്ച ഒ.ടി.ടിയിലെത്തിയത് അഞ്ച് ചിത്രങ്ങളാണ്. നിവിൻ പോളിയുടെ സർവ്വം മായ, 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായ ധുരന്ധർ, കാർത്തി നായകനായ വാ വാത്തിയാർ,അനശ്വര രാജന്‍റെ ചാമ്പ്യൻ, വിക്രം പ്രഭു നായകനായ സിറൈ എന്നിവയാണ് ചിത്രങ്ങൾ. 

സർവ്വം മായ

2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം. നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്.

ധുരന്ധർ

2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായ ധുരന്ധർ നെറ്റിഫ്ലിക്സിൽ കാണാം. ഡിസംബർ 5ന് തിയറ്ററിൽ എത്തിയ ചിത്രം വളരെ കുറച്ചു ദിവസം കൊണ്ടാണ് അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയത്. 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക ബഹുഭാഷ ഇന്ത്യൻ ചിത്രമാണ് ധുരന്ധർ. പാകിസ്താനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. രൺവീർ സിങ്, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വാ വാത്തിയാർ

കാർത്തിയെ നായകനാക്കി നളൻ കുമാരസാമി സംവിധാനം ചെയ്ത ചിത്രമാണ് വാ വാത്തിയാർ. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തിയറ്ററിൽ നേടാൻ സാധിച്ചിരുന്നില്ല. ചിത്രം റിലീസായി ആദ്യ നാളുകളിൽ മികച്ച കലക്ഷൻ നേടിയിരുന്നു. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ 4.6 കോടി ചിത്രം നേടി. ഇന്ത്യയിൽ മാത്രം ചിത്രം 3.9 കോടിയാണ് നേടിയത്. റിലീസ് ദിവസം 1.65 കോടിയായിരുന്നു കല‍ക്ഷൻ. രണ്ടാം ദിവസം 2.25 കോടിയായി ഉയർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ സിനിമ റിലീസായി ദിവസങ്ങൾക്കുള്ളിലാണ് ഒ.ടി.ടിയിൽ എത്തുന്നത്.

ചാമ്പ്യൻ

അനശ്വര രാജൻ ആദ്യമായി തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'ചാമ്പ്യൻ'. ചന്ദമാമ കഥലു എന്ന ചിത്രത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രദീപ് അദ്വൈതം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലങ്കാന ചരിത്രത്തിലെ പ്രധാന സംഭവമായ ഭൈരൻപള്ളി വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയറ്ററുകളിൽ എത്തിയത്.

സിറൈ

വിക്രം പ്രഭു നായകനായി എത്തിയ 'സിറൈ' ഒ.ടി.ടിയിൽ എത്തി. നവാഗതനായ സുരേഷ് രാജകുമാരി ആണ് ചിത്രത്തിന്റെ സംവിധായകൻ. വിക്രം പ്രഭുവിനെ കൂടാതെ നവാഗതനായ എൽ.കെ അക്ഷയ് കുമാർ, മലയാളിയായ അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മരണമാസ്, ഐ ആം കാതലൻ' എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനിഷ്മയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. രമ്യ സുരേഷ്, ആനന്ദ തമ്പിരാജ, പി.എൽ തേനപ്പൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം സീ 5ൽ കാണാം.

Tags:    
News Summary - new ott release movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.