ദി ഒഡീസി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ദി ഒഡീസി' (The Odyssey) റിലീസിന് മുൻപേ ഇന്ത്യയിൽ ചർച്ചയാകുന്നു. ജൂലൈ 17ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ഐമാക്സ് (IMAX) 70 എം.എം ഫിലിം കാമറയിൽ പൂർണമായും ചിത്രീകരിച്ച ആദ്യത്തെ ചിത്രമെന്ന നിലയിൽ വലിയ സിനിമാറ്റിക് അനുഭവം തന്നെ വാഗ്‌ദാനം ചെയ്യുന്നു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഐമാക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിച്ചു.
മുംബൈ പി.വി.ആർ ഐക്കോൺ (PVR ICON), ലോവർ പരേൽ തുടങ്ങിയ കേന്ദ്രങ്ങളിൽ റിക്ലൈനർ സീറ്റുകൾക്ക് 3,100 രൂപ വരെയാണ് ഈടാക്കുന്നത്. മിറാജ് സിനിമാസ് വാഡാലയിൽ 2,500 രൂപയും ഈടാക്കുന്നുണ്ട്. മറ്റ് സാധാരണ സീറ്റുകൾക്ക് 700 മുതൽ 2,000 രൂപ വരെയാണ് നിരക്ക്. അതേസമയം, ഡൽഹിയിലെ പി.വി.ആർ ഐമാക്സ് പ്രിയയിൽ റിക്ലൈനർ സീറ്റുകൾക്ക് 2,500 രൂപ വരെയാണ് നിരക്ക്. പി.വി.ആർ സൂപ്പർപ്ലക്സ് ലോജിക്സ് (നോയിഡ) പോലുള്ള സ്ഥലങ്ങളിൽ 1,850 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്. എന്നാൽ താരതമ്യേന കുറഞ്ഞ നിരക്കിൽ 520 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകുന്ന കേന്ദ്രങ്ങളും ഡൽഹിയിലുണ്ട്.
ബംഗളൂരുവിലും കൊൽക്കത്തയിലും ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമില്ല. ബംഗളൂരുവിലെ സിനിപോളിസ് നെക്സസ് ശാന്തിനികേതനിൽ 1,950 രൂപ വരെയാണ് ഉയർന്ന നിരക്ക്. കൊൽക്കത്തയിലെ ഐനോക്സ് സൗത്ത് സിറ്റി മാളിൽ 1,240 രൂപ വരെ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. കേരളത്തിലും ഐ മാക്സ് തീയറ്ററിലെ നിരക്കിൽ വർധനവുണ്ടായിട്ടുണ്ട്. സെന്റർ സ്ക്വാർ മാളിലെ സീൻപോളിസിൽ സാധരണ സീറ്റിന് 1,250 രൂപയും പ്രീമിയം എക്സ്.എലിന് 2,200 രൂപയുമാണ്. അതേസമയം തിരുവനന്തപുരത്തെ ലുലു മാളിലെ ഐ മാക്സ് തീയറ്ററിൽ ക്ലാസിക് നിരക്ക് 850 രൂപയും റിക്ലൈനർ സീറ്റുകൾക്ക് 1,200 രൂപയുമാണ്.
ഹോമറിന്റെ പ്രസിദ്ധമായ പുരാതന ഗ്രീക്ക് ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഒഡീസി'. 250 മില്യൺ ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം നോളന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ പ്രോജക്ടുകളിൽ ഒന്നാണ്. ക്രിസ്റ്റഫർ നോളനും ഭാര്യ എമ്മ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ലുഡ്‌വിഗ് ഗോറാൻസൺ സംഗീതവും, ജെന്നിഫർ ലെയിം എഡിറ്റിങ്ങും നിർവഹിക്കുന്നു. മാറ്റ് ഡാമൺ (ഒഡീസിയസ്), ടോം ഹോളണ്ട് (ടെലിമാക്കസ്), ആൻ ഹാത്ത്‌വേ (പെനലോപ്പ്) എന്നിവർക്കൊപ്പം റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്‌യോ, സാംന്ത മോർട്ടൺ, സെൻഡായ, ഷാർലിസ് തെറോൺ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
ട്രോജൻ യുദ്ധത്തിന് ശേഷം ഇതാക്കയിലെ രാജാവായ ഒഡീസിയസ് തന്റെ നാട്ടിലേക്ക് തിരിച്ചെത്തുന്ന ദുഷ്കരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഐമാക്സ് സാങ്കേതികവിദ്യയുടെ പരിമിതികൾ കാരണം ഏകദേശം 2 മണിക്കൂർ 52 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഗ്രീൻ സ്ക്രീൻ വി.എഫ്.എക്സ് (VFX) പരമാവധി ഒഴിവാക്കി, യഥാർഥ സെറ്റുകൾ നിർമിച്ചാണ് നോളൻ ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.