ധുരന്ധർ

3000 കോടി വാരിയ ‘ധുരന്ധർ’ ജപ്പാനിൽ തകർന്നടിഞ്ഞു; ആദ്യ ദിനം എത്തിയത് 900 പേർ മാത്രം

ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച രൺവീർ സിങ് ചിത്രം 'ധുരന്ധർ' ജപ്പാനിലെ ബോക്സ് ഓഫീസിൽ പരാജയം. ജൂലൈ 10ന് ജപ്പാനിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തിൽ 900 പ്രേക്ഷകരെ മാത്രമാണ് ആകർഷിച്ചത്. വലിയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ജാപ്പനീസ് പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ഏകദേശം 80 തിയറ്ററുകളിലായാണ് 'ധുരന്ധർ' ജപ്പാനിൽ റിലീസ് ചെയ്തത്. റിലീസ് ദിവസം ഉച്ചയ്ക്ക് 2 മണി വരെ 57 കേന്ദ്രങ്ങളിൽ നിന്നായി 449 പേർ മാത്രമാണ് ചിത്രം കണ്ടത്. ദിവസം മുഴുവൻ നീണ്ടുനിന്ന പ്രദർശനങ്ങൾക്ക് ശേഷവും പ്രേക്ഷകരുടെ എണ്ണം 900ൽ ഒതുങ്ങി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജപ്പാനിലെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാനും ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിനായില്ല.

ആഗോളതലത്തിൽ വൻ വിജയം കൈവരിച്ച ചിത്രമായിട്ടും ജപ്പാനിൽ തിരിച്ചടി നേരിട്ടതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചിത്രത്തിന് ഡബ്ബ് ചെയ്ത പതിപ്പില്ലാത്തതും ജാപ്പനീസ് സബ്ടൈറ്റിലുകൾ മാത്രമാണ് ഉണ്ടായിരുന്നതും വലിയൊരു വിഭാഗം പ്രേക്ഷകരെ അകറ്റിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ചിത്രത്തിലെ ഇന്ത്യ-പാകിസ്താൻ സംഘർഷവും രാഷ്ട്രീയ പരാമർശങ്ങളും ജാപ്പനീസ് പ്രേക്ഷകർക്ക് അത്രകണ്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും സിനിമാ വിദഗ്ധർ വിലയിരുത്തുന്നു.

ജപ്പാനിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും എസ്.എസ്. രാജമൗലിയുടെ 'ആർ.ആർ.ആർ' ആണ്. ഈ പട്ടികയിൽ ഇടംപിടിക്കാൻ പോലും ധുരന്ധറിനായില്ല. സൽമാൻ ഖാന്റെ 'ടൈഗർ 3' (1,300 പേർ) ആണ് ഈ പട്ടികയിൽ പത്താം സ്ഥാനത്തുള്ളത്. പുഷ്പ 2നും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

ജപ്പാനിലെ തിരിച്ചടി ഒരു വശത്തുണ്ടെങ്കിലും ആഗോള ബോക്സ് ഓഫീസിൽ 'ധുരന്ധർ' ഫ്രാഞ്ചൈസി വലിയ ചരിത്രമാണ് സൃഷ്ടിച്ചത്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രങ്ങളുടെ പരമ്പര ആഗോളതലത്തിൽ 3,100 കോടി രൂപയിലധികം കലക്ഷൻ നേടിയിരുന്നു. ആദ്യ ഭാഗം 1,307 കോടി രൂപയും, രണ്ടാമത്തെ ഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' 1,813 കോടി രൂപയുമാണ് നേടിയത്. ആമിർ ഖാന്റെ 'ദംഗലി'ന് ശേഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് 'ധുരന്ധർ: ദ റിവഞ്ച്'. 

Tags:    
News Summary - Dhurandhar Struggles at Japan Box Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.