പള്ളിച്ചട്ടമ്പി

തിയറ്ററിൽ കിതച്ച ‘പള്ളിച്ചട്ടമ്പി’ ഒ.ടി.ടിയിൽ കുതിക്കുമോ? സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ഡ്രാമ 'പള്ളിച്ചട്ടമ്പി' ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഏപ്രിൽ 15ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ജൂലൈ 24ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 

1958ലെ കേരള പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, 'കണിയാർ' എന്ന മലയോര ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്.  മനോഹരമായ കുന്നിൻപ്രദേശമായ കാണിയാർ ഗ്രാമത്തിൽ വിശ്വാസവും രാഷ്ട്രീയവും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ, ഒരു സാധാരണ ഗുണ്ടയിൽ നിന്ന് ഗ്രാമം ഭയപ്പെടുന്ന ‘പള്ളിച്ചട്ടമ്പി’യായി മാറുന്ന കൃഷ്ണപിള്ളയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തിയത്. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുഗു നടൻ ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആൻ്റണി, ടി.ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, അലക്‌സ് ഇ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. കായദു ലോഹർ ആണ് നായിക. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ്, സി.സി.സി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ടിജോ ടോമി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

പരിവർത്തനത്തിന്റെയും ധൈര്യത്തിന്റെയും കഥയാണ് പള്ളിച്ചട്ടമ്പി. കേരള ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പോത്തൻ ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. സോണി ലിവിലൂടെ ഈ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

വർഷങ്ങളായി എന്റെ പല ചിത്രങ്ങൾക്കും ഈ പ്ലാറ്റ്‌ഫോമിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളുമായി സോണി ലിവ് കെട്ടിപ്പടുത്തിരിക്കുന്ന ഈ ശക്തമായ ബന്ധം കാണുമ്പോൾ സന്തോഷം തോന്നുന്നു. ആക്ഷനും വികാരങ്ങളും ഒത്തിണങ്ങിയ, ആഴത്തിൽ ഇടപെടുന്ന ഈ യാത്രയിലെ ഓരോ നിമിഷവും പ്രേക്ഷകർ ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചത്. 

Tags:    
News Summary - Pallichattambi on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.