സത്ലജ്, ഹണി ട്രെഹാൻ
ദിൽജിത്ത് ദോസാഞ്ച് നായകനായ 'സത്‌ലജ്' എന്ന ചിത്രത്തിന്റെ സീ5 റിലീസിനെക്കുറിച്ച് സർക്കാരിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് സംവിധായകൻ ഹണി ട്രെഹാൻ വെളിപ്പെടുത്തി. സിനിമയുടെ പ്രീമിയറിന് ശേഷം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് കത്തയച്ചിരുന്നുവെന്നും, എന്നാൽ അധികൃതർക്ക് റിലീസിനെക്കുറിച്ച് മുൻകൂട്ടി വിവരം നൽകിയിരുന്നില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘സർക്കാരിന് റിലീസിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.എനിക്ക് അതിനെക്കുറിച്ച് അറിവില്ല. അവരുടെ പ്രതികരണം എന്താണെന്ന് എല്ലാവർക്കും വ്യക്തമാണ്. ലോകം അത് കാണുന്നുണ്ടല്ലോ. എനിക്ക് അവരിൽ നിന്ന് കോളുകളൊന്നും ലഭിച്ചിട്ടില്ല. എനിക്ക് ഇതിൽ ഇടപെടേണ്ടി വന്നില്ല. എനിക്കോ എന്റെ നിർമാതാക്കൾക്കോ അവരിൽ നിന്ന് ഒരു കോളും ലഭിച്ചിട്ടില്ല. എന്നാൽ ചിത്രം നിർത്തിവെക്കാൻ വാർത്താവിതരണ മന്ത്രാലയം സീ5ന് ഒരു കത്ത് അയച്ചിരുന്നു ഹണി തഹാൻ പറഞ്ഞു.
ദിൽജിത്ത് ദോസാഞ്ച് നായകനായ 'സത്‌ലജ്' ഈ മാസം ആദ്യം സീ5ൽ റിലീസ് ചെയ്തിരുന്നു. എന്നാൽ 48 മണിക്കൂറിനുള്ളിൽ തന്നെ ചിത്രം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ‘ഞാൻ ഏറെ തകർന്നുപോയി. ഈ വിലക്ക് ഞങ്ങളെ ഒരു മൂലയിലേക്ക് ഒതുക്കുകയാണ്. നമ്മൾ ശരിക്കും ഒരു ജനാധിപത്യ രാജ്യത്താണോ ജീവിക്കുന്നത്?' എന്ന് സ്വയം ചോദിക്കാൻ ഇത് നമ്മളെ നിർബന്ധിതരാക്കുന്നു ഹണി ട്രെഹാൻ കൂട്ടിച്ചേർത്തു.
31 വർഷം മുമ്പ് ജസ്വന്ത് സിങ് ഖൽറയെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാർ വലിയൊരു പങ്ക് വഹിച്ചിരുന്നു. എന്നാൽ ഇന്ന്, 31 വർഷങ്ങൾക്ക് ശേഷം, ഖൽറ വീണ്ടും തട്ടിക്കൊണ്ടുപോവപ്പെടുകയാണ്. കേന്ദ്രസർക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഇതാണ്. ദയവായി ഞങ്ങളോട് ദയ കാണിക്കൂ, അദ്ദേഹത്തിന്റെ കഥ ലോകത്തോട് പറയാൻ ഞങ്ങളെ അനുവദിക്കൂ.
ഖൽറയെ വീണ്ടും തട്ടിക്കൊണ്ടുപോകരുത്. കേന്ദ്രസർക്കാർ കൂടുതൽ വലിയ മനസ്സ് കാണിച്ച് അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകണം. അദ്ദേഹത്തിന്റെ കഥ പുറംലോകമറിയട്ടെ. സർക്കാർ അദ്ദേഹത്തോട് പെരുമാറിയ രീതിയിൽ അദ്ദേഹം നിരാശനാണ്. ഈ സിനിമക്ക് മറ്റൊരു വിധിയായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. പക്ഷേ ഈ കഥ ലോകമെമ്പാടും ചർച്ചയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാരിനോട് വീണ്ടും അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.