തിയറ്ററുകളെ വെല്ലുന്ന ഒ.ടി.ടി തരംഗം! നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് കാഴ്ചക്കാരെ നേടിയ ബോളിവുഡ് ചിത്രങ്ങൾ ഇവയാണ്...

സിനിമ കാണുന്ന രീതിയിൽ ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് പുതിയ സിനിമകൾ കാണാൻ തിയറ്ററുകൾക്ക് മുന്നിൽ വരി നിന്നിരുന്ന പ്രേക്ഷകർ ഇന്ന് വീട്ടിലിരുന്ന് തങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് സിനിമകൾ കാണാനാണ് താല്പര്യപ്പെടുന്നത്. സിനിമകളുടെ തിയറ്റർ പ്രദർശനം അവസാനിച്ചാലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ അവ എത്ര തവണ വേണമെങ്കിലും വീണ്ടും കാണാൻ സാധിക്കുന്നു. നെറ്റ്ഫ്ലിക്സിലെ ബോളിവുഡ് സിനിമകൾക്ക് ഇന്ന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പല സിനിമകളും ലോകത്തിലെ തന്നെ വലിയ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള കാഴ്ചക്കാരെയാണ് സ്വന്തമാക്കുന്നത്.

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് സിനിമകൾ

1. ജവാൻ (എക്സ്റ്റെൻഡഡ് കട്ട്)

ഷാരൂഖ് ഖാൻ നായകനായി അറ്റ്‌ലീ സംവിധാനം ചെയ്ത 'ജവാൻ' ഒരു ആക്ഷൻ-പാക്ക്ഡ് എന്റർടൈനറാണ്. തിയറ്ററിൽ ഇല്ലാതിരുന്ന ചില അധിക സീനുകൾ ഉൾപ്പെടുത്തി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ജവാന് ഹൈപ്പ് നേടികൊടുത്തത്. നെറ്റ്ഫ്ലിക്സിൽ 33.7 മില്യൺ കാഴ്ചക്കാരാണ് ജവാൻ കണ്ടത്.

2. അനിമൽ

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമൽ' സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വിവാദങ്ങൾ സൃഷ്ടിച്ചതുമായ ചിത്രമാണ്. ഏകദേശം 3 മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള സിനിമയായിട്ടും 31.4 മില്യൺ കാഴ്ചക്കാരാണ് അനിമൽ കണ്ടത്.

3. ഗംഗുഭായ് കത്തിയാവാഡി

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'ഗംഗുഭായ് കത്തിയാവാഡി' ആലിയ ഭട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 31.14 മില്യൺ കാഴ്ചക്കാരാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കണ്ടത്.

4. ലാപതാ ലേഡീസ്

കിരൺ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' 2024ലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒന്നാണ്. ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രം വലിയ താരപ്പകിട്ടില്ലാതെ വന്ന് പ്രേക്ഷകഹൃദയം കീഴടക്കി. 31.1 മില്യനാണ് ലാപതാ ലേഡീസിന്‍റെ കാഴ്ചക്കാർ.

5. ക്രൂ

തബു, കരീന കപൂർ, കൃതി സനൺ എന്നിവർ എയർ ഹോസ്റ്റസുമാരായി വേഷമിട്ട 'ക്രൂ' സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ചിത്രം 28.8 മില്യൺ പേരാണ് കണ്ടത്.

6. ഫൈറ്റർ

ഹൃത്വിക് റോഷനും ദീപിക പദുകോണും പ്രധാന വേഷങ്ങളിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം ഫൈറ്റർ വ്യോമസേനയിലെ പൈലറ്റുമാരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. 27.5 മില്യൺ ആളുകൾ ഫൈറ്റർ കണ്ടിട്ടുണ്ട്.

7. ജാനേ ജാൻ

തിയറ്ററുകൾ ഒഴിവാക്കി നേരിട്ട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലറാണ് ജാനേ ജാൻ. 'ദ ഡിവോഷൻ ഓഫ് സസ്‌പെക്റ്റ് എക്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയ ഈ ചിത്രം 24.2 മില്യൺ കാഴ്ചക്കാരാണ് കണ്ടത്.

8. ഷൈത്താൻ

അജയ് ദേവ്ഗണും ആർ. മാധവനും പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർനാച്ചുറൽ ത്രില്ലർ ഷൈത്താൻ വലിയ വിജയമാണ് നെറ്റ്ഫ്ലിക്സിൽ നേടിയത്. മന്ത്രവാദത്തെയും തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഒരു പിതാവ് നടത്തുന്ന പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ നടക്കുന്നത്. 24.0 മില്യൺ കാഴ്ചക്കാരാണ് ചിത്രം കണ്ടത്.

9. ഡാർലിങ്സ്

ആലിയ ഭട്ട് ആദ്യമായി നിർമാണ പങ്കാളിയായ ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. ഗാർഹിക പീഡനം എന്ന ഗൗരവകരമായ വിഷയത്തെ ഡാർക്ക് ഹ്യൂമർ കലർത്തിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. 23.4 മില്യൺ പേരാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കണ്ടത്.

10. ഭൂൽ ഭുലയ്യ 2

21.6 മില്യൺ പേരാണ് ഭൂൽ ഭുലയ്യ 2 കണ്ടത്. കാർത്തിക് ആര്യനെ ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർത്തിയ ചിത്രമാണ് ഭൂൽ ഭുലയ്യ 2. 2007ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഭൂൽ ഭുലയ്യ'യുടെ രണ്ടാം ഭാഗമായാണ് ഇത് എത്തിയത്.

Tags:    
News Summary - Netflix’s most watched Bollywood films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.