തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ടയുടെ 14-ാം ചിത്രം (VD14)-ന്‍റെ പേര് വെളിപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് സിനിമയുടെ ഔദ്യോഗിക നാമവും പ്രത്യേക ടൈറ്റിൽ ഗ്ലിംപ്‌സും പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
'ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസത്തിന് ഒരു പേര് ലഭിക്കുന്നു' എന്ന ടാഗ്‌ലൈനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. 1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ പിരീഡ് ആക്ഷൻ ഡ്രാമ ഒരുങ്ങുന്നത് എന്നാണ് സൂചനകള്‍. വിജനമായ മണൽക്കുന്നുകളിലൂടെ ഒരു വലിയ ജനക്കൂട്ടം കാൽനടയായി നീങ്ങുന്ന ദൃശ്യം സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആരാധകർ ഈ ചിത്രത്തിന് പിന്നാലെ കൂടാൻ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. കഴിഞ്ഞ വർഷം വിവാഹനിശ്ചയം കഴിഞ്ഞ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് മുൻപ് ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണിത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.
വിജയ് ദേവരകൊണ്ട തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായാണ് ഇതിനെ കാണുന്നത്. 'ടാക്സി വാല'ക്ക് ശേഷം സംവിധായകൻ രാഹുൽ സംകൃത്യനുമായി വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്കിലെ ഹിറ്റ് ബാനറായ മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം. പി.ആർ.ഒ ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.