മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച മമ്മൂട്ടിയും നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (photo: വൈ.ആർ. വിപിൻദാസ്)
തിരുവനന്തപുരം: കനകക്കുന്ന് നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിനിർത്തി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം. മലയാളത്തിന്റെ പ്രിയ നടി ശാരദ മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരവും മഹാനടൻ മമ്മൂട്ടി 2025ലെ മികച്ച നടനുള്ള പുരസ്‌കാരവും മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങി.
അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം. വീൽചെയറിലെത്തിയാണ് ശാരദ മലയാളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്.
മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്‌മഭൂഷൺ പുരസ്‌കാരം നേടിയ മമ്മൂട്ടിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിലേക്കുള്ള പകർന്നാട്ടത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ്. നടിക്കുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യിലെ പ്രകടനത്തിന് ഷംല ഹംസയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ, ലിജോ മോൾ, ജ്യോതിർമയി, വേടൻ, കെ.എസ്. ഹരിശങ്കർ, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 അവാർഡ് ജേതാക്കള്‍ മുഖ്യമന്ത്രിയിൽ നിന്ന് വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരം സ്വീകരിച്ചു. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെ.എസ് ഹരിശങ്കറും സെബ ടോമിയും നയിച്ച സംഗീതപരിപാടി അരങ്ങേറി.
മന്ത്രി വി. ശിവന്‍കുട്ടി ചലച്ചിത്ര അവാര്‍ഡുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പുസ്‌തകത്തിന്‍റെ പ്രകാശനം മന്ത്രി ജി.ആര്‍ അനിലിന് നല്‍കി നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മേയർ വി.വി രാജേഷ്, അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. റസൂല്‍ പുക്കുട്ടി, ജൂറി ചെയര്‍പേഴ്‌സണും നടനുമായ പ്രകാശ് രാജ്, സാംസ്‌കാരിക വകുപ്പ് ഡയറക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കര, കെഎസ്എഫ്‌ഡിസി ചെയര്‍പേഴ്‌സണ്‍ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജി.എസ് വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.