മോഹൻലാൽ, മമ്മൂട്ടിയും മോഹൻലാലും
ഈ കാലഘട്ടത്തിനിടെ മലയാള സിനിമയിൽ പല മുഖങ്ങൾ വന്നുപോയി. എന്നാൽ നാൽപതു വർഷത്തോളമായി മറ്റാർക്കും എത്തിപ്പെടാൻ സാധിക്കാത്തൊരിടം മലയാള സിനിമയിൽ സൃഷ്ടിച്ച് ചക്രവർത്തിമാരായ് വാഴുന്ന രണ്ടു പേരാണ് ഈ ഇന്‍റസ്ട്രിക്കുള്ളത്. മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെതന്നെ നെടും തൂണുകളാണ്. എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾകൊണ്ടും അഭിനയ ഭാവങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരന്മാർ. കരിയറിന്‍റെ തുടക്ക കാലഘട്ടത്തിൽ ഇവർ അഭിനയിച്ച പല കഥാപാത്രങ്ങളുമാണ് ഇവരെ ആ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. എന്നാൽ മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിയത് മമ്മൂട്ടി നിരസിച്ച ഒരു സിനിമയാണ്. ഈ ചിത്രത്തിലേത് ഇന്നും താരത്തിന്‍റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി തുടരുന്നുമുണ്ട്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്നു ഡെന്നിസ് ജോസഫ്. ഡെന്നിസിന്‍റെ പല കഥാപാത്രങ്ങളും അനശ്വരമാക്കിയത് മോഹൻലാലും മമ്മൂട്ടിയുമാണ്. എന്നാലും മമ്മൂട്ടിയുമായാണ് അദ്ദേഹം അധിക സിനിമകളും ചെയ്തിരുന്നത്. നിറക്കൂട്ട്, സായം സന്ധ്യ, ശ്യാമ, ന്യായവിധി, പ്രണാമം എന്നു തുടങ്ങി താരത്തിന്‍റെ കരിയറിലെ മികച്ച ചില ചിത്രങ്ങൾ സമ്മാനിച്ചത് ഡെന്നിസാണ്.
ഡെന്നിസ് ജോസഫ് സംവിധായകൻ തമ്പി കണ്ണന്താനവുമായി ഒരു സിനിമ ചെയ്യാൻ കൈകോർത്തിരുന്നു. എന്നാൽ പ്രധാന കഥാപാത്രത്തിനായി മമ്മൂട്ടിയെ സമീപിക്കവെ അദ്ദേഹം അതിൽ നിന്നും പിന്മാറി. മമ്മൂട്ടി അഭിനയിച്ച ആ നേരം അൽപ്പ ദൂരം (1985) എന്ന ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് സംവിധായകൻ പ്രതിസന്ധിയിലായിരുന്നു. ഇതുകൊണ്ടാണ് മമ്മൂട്ടിയും ആ സിനിമ നിരസിച്ചത്. ശേഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഒരു നിർമാതാവും തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഡെന്നിസ് അദ്ദേഹത്തിനായി എഴുതാൻ സമ്മതിച്ചത്. തമ്പി സിനിമ സംവിധാനം ചെയ്യുന്നതിനു പുറമേ അതിന്‍റെ നിർമാണവും ഏറ്റെടുക്കുകയായിരുന്നു.
പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച തമ്പി മോഹൻലാലിനെ സമീപിച്ചു. ഡെന്നിസിനോടൊപ്പം മുമ്പ് പ്രവർത്തിച്ചിട്ടില്ലാതിരുന്നിട്ടും കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ സിനിമ ചെയ്യാൻ സമ്മതിച്ചത്. അങ്ങനെയാണ് 'രാജാവിന്റെ മകൻ' എന്ന സിനമ ജനിക്കുന്നത്. അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മുഴുവൻ തിരക്കഥയും ഡെന്നിസ് പൂർത്തിയാക്കി. തന്റെ കാർ വിറ്റും ചില പൂർവ്വിക സ്വത്തുക്കൾ പണയപ്പെടുത്തിയുമാണ് തമ്പി സിനിമക്ക് പണം കണ്ടെത്തിയത്.
രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാൽ വിൻസന്‍റ് ഗോമസ് ആയി എത്തിയപ്പോൾ അത്രതന്നെ ശക്തയായ ഒരു നായികയും ആവശ്യമായിരുന്നു. അങ്ങനെയാണ് തമ്പി അംബികയിലേക്ക് എത്തുന്നത്. രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ നായികയായി അഭിനയിച്ച അംബിക ദക്ഷിണേന്ത്യയിൽ മോഹൻലാലിനേക്കാൾ വലിയ താരമായിരുന്ന കാലമായിരുന്നു അത്. മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ അവർ വളരെ തിരക്കുള്ള ഒരു നടി കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അംബികക്ക് 1.25 ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന് അവരുടെ അമ്മ ആദ്യം ആവശ്യപ്പെട്ടു. എന്നാൽ ചിത്രീകരണം ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം തനിക്ക് ഒരു ലക്ഷം രൂപ മാത്രമേ ആവശ്യമുള്ളൂ എന്ന് അംബിക തമ്പിയെ അറിയിച്ചു. ഇത് സിനിമ പൂർത്തിയാക്കാൻ അദ്ദേഹത്തിന് ആശ്വാസമായി. അംബികക്ക് നൽകിയ അതേ പ്രതിഫലമായ ഒരു ലക്ഷം രൂപ മോഹൻലാലിനും ലഭിച്ചു. ചിത്രീകരണം 32 ദിവസം കൊണ്ട് പൂർത്തിയായി.
ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം മോഹൻലാലിനെ തൽക്ഷണം സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തി. 40 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം, ടിക്കറ്റ് നിരക്കുകൾ വളരെ കുറവായിരുന്നിട്ടും അക്കാലത്ത് 80-85 ലക്ഷം രൂപ കലക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. പിന്നീട് വിവിധ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഈ സിനിമക്ക് ശേഷം നിരവധി വേഷങ്ങളാണ് മോഹൻലാലിനെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.