മോഹൻലാലിന്റെ പോസ്റ്റർ മമ്മൂട്ടിയും, മമ്മൂട്ടിയുടെ പോസ്റ്റർ മോഹൻലാലും; ആരാധകർ ഏറ്റെടുത്ത് ‘പേട്രിയറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പുറത്തുവിട്ട ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇരുവരും ഈ ചിത്രത്തിനായി കൈകോർക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇരുവരും പരസ്പരമാണ് പോസ്റ്ററുകൾ പുറത്തിറക്കിയത് എന്നതാണ്. മോഹൻലാലിന്റെ പോസ്റ്റർ മമ്മൂട്ടിയും, മമ്മൂട്ടിയുടെ പോസ്റ്റർ മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു. പേട്രിയറ്റ് രാവിലെ 10:10ന് പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.

ടേക്ക് ഓഫ്, മാലിക് തുടങ്ങിയ സിനിമകളിലൂടെ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച മഹേഷ് നാരായണനാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന, സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഏപ്രിൽ 23ന് തിയറ്ററുകളിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വേനലവധി ലക്ഷ്യമിട്ടാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

‘ഈ രാജ്യത്തെ അവർ രണ്ടുപേരും ഒരുമിച്ച് നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഈ വർഷങ്ങളിൽ, അവർ സമ്പാദിച്ചത് അനുയായികളെ മാത്രമല്ല, വിശ്വാസവും കൂടിയാണ് എന്ന വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാം ഉണ്ടെന്നും കുഞ്ചാക്കോ ബോബൻ ഡാനിയേൽ എന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നുമാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ മേൽ സോഷ്യൽ സ്കോർ നടപ്പിലാക്കാനുള്ള ഗവൺമെന്റ് നീക്കവും അതിനെതിരെയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം.

മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പൂർത്തിയായത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം.

Tags:    
News Summary - Mammootty and Mohanlal unveil patriot movie posters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.