മതവികാരം വ്രണപ്പെടുത്തിയെന്ന്, നയൻതാരക്കെതിരെ കേസ്; 'അന്നപൂരണി' പിൻവലിച്ച് നെറ്റ്ഫ്ലിക്സ്

യൻതാരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്  എന്ന ചിത്രം പിൻവലിച്ച് നെറ്റ്ഫ്ലിക്സ്. മതവികാരം വ്രണപ്പെടുത്തുന്നു  എന്ന തരത്തിൽ  ആരോപണം ഉയർന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം നീക്കിയത്. ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിൽ നയൻതാരക്കും ചിത്രത്തിലെ അണിയറപ്രവർത്തകർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.

നയൻതാരയെ കൂടാതെ നായകൻ ജയ്, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒരു യാഥാസ്ഥിതിക ബ്രാഹ്മൺ കുടുംബത്തിൽ ജനിച്ചു വളർന്ന അന്നപൂർണി എന്ന പെൺകുട്ടിയെയാണ്  ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച ഷെഫ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി   സഹപാഠിയായ ഫർഹാൻ (ജയ്) മാംസം പാചകം ചെയ്യുന്നതിനും കഴിക്കുന്നതും ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാൻ അന്നപൂർണിയെ സഹായിക്കുന്നു. നയൻതാരയുടെ കഥാപാത്രം മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം.

ചിത്രത്തിലെ രംഗങ്ങൾ വിവാദമായതോടെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോസ് ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്ത് പുതിയ പതിപ്പ് പുറത്തിറക്കുമെന്നും അറിയിച്ചിരുന്നു.

ഡിസംബർ ഒന്നിന് തിയറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. നയൻതാര, ജയ് എന്നിവരെ കൂടാതെ സത്യരാജും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Nayanthara’s Annapoorani removed from Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.