'റിയ ചക്രവർത്തിയെ വില്ലത്തിയാക്കാനുള്ള നീക്കത്തിൽ ഹൃദയം നുറുങ്ങുന്നു'- വിദ്യാബാലൻ

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിൽ സുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ നടക്കുന്ന മാധ്യമവിചാരണയെ വിമർശിച്ച് നടി വിദ്യാബാലൻ രംഗത്തെത്തി. ബോളിവുഡ് നടിയായ ലക്ഷ്മി മഞ്ജുവിന്‍റെ പോസ്റ്റിന് മറുപടിയായാണ് വിദ്യാബാലൻ റിയയെ പിന്തുണച്ച് പോസ്റ്റിട്ടത്.

"അകാലത്തിലുള്ള ദുരന്തമാണ് സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണം. ഈ സംഭവം ഇപ്പോൾ മീഡിയ സർക്കസ് ആയി മാറിയിരിക്കുകയാണ്. അതേസമയം, ഈ സംഭവത്തിൽ റിയ ചക്രവർത്തിയെ വില്ലത്തിയാക്കാനുള്ള നീക്കത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ എന്‍റെ ഹൃദയം നുറുങ്ങുന്നു"- വിദ്യാബാലൻ പറഞ്ഞു.


"ഒരാൾ ഒരു കേസിൽ കുറ്റക്കാരിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അവരെ നിരപരാധിയെന്നാണ് വിളിക്കേണ്ടത്. ഇപ്പോൾ നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരിയാക്കുകയാണ് ചെയ്യുന്നത്. ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങളെ ബഹുമാനിക്കാനും നിയമത്തിനെ അതിന്‍റെ വഴിയിൽ പോകാനും അനുവദിക്കണം" വിദ്യാബാലൻ കുറിച്ചു.

ഞായറാഴ്ച ബോളിവുഡ് നടിയായ ലക്ഷ്മി മഞ്ജു, റിയക്കെതിരെ നടക്കുന്ന മാധ്യമവിചാരണക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സത്യം മനസ്സിലാക്കാതെ റിയയെയും കുടുംബത്തെയും ക്രൂരമായി നിന്ദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടു. സിനിമയിലെ സുഹൃത്തുക്കളോട് നിയമം കൈയിലെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു കുറിപ്പ് അവർ എഴുതിയിരുന്നു.


ലക്ഷ്മിക്കും വിദ്യാബാലനും പുറമെ നടി തപ്സി പന്നുവും റിയയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. "എനിക്ക് സുശാന്തിനെയോ റിയയെയോ വ്യക്തിപരമായി പരിചയമില്ല. എന്നാൽ നീതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ശരിയല്ല. നിയമത്തെ വിശ്വസിക്കുകയും മരിച്ചയാളുടെ പരിശുദ്ധിയിൽ വിശ്വസിക്കുകയും ചെയ്യുക" എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.

ജൂൺ നാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്ത് സിങ് രജ്പുത്തിനെ മരിച്ച നിലയിൽ ക‍ണ്ടെത്തിയത്. സി.ബി.ഐയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യറോയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും റിയക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സുശാന്തിന്‍റെ പണം റിയ തട്ടിയെടുത്തുവെന്ന് സുശാന്തിന്‍റെ കുടുംബം പരാതിപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.