ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി ചിത്രം പുഴു

ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡി.എൻ.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡി.എൻ.എഫ്.ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡി.എൻ.എഫ്.ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡി.എൻ.എഫ്.ടിയുടെ പിറവിക്ക് കാരണമായ'തെന്ന് ഡി.എൻ.എഫ്.ടി ഡയറക്ടര്‍ സുഭാഷ് മാനുവല്‍ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡി.എൻ.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍). വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണിത്. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡി.എൻ.എഫ്.ടി ആണ് ലോകത്താദ്യമായി അവതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വിഡിയോസും ഇതിന്റെ ഭാഗമായി ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ജൂഡ് ആന്തണിയുടെ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. ഒ.ടി.ടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡി.എൻ.എഫ്.ടി നീക്കം.

Tags:    
News Summary - Mammootty Movie Puzhu dnft Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.