ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പീറ്റർ ജാക്സന്റെ 'ലോർഡ് ഓഫ് ദ റിങ്സ്' ട്രൈലോജി വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. ഈ പരമ്പരയിലെ ആദ്യ ചിത്രമായ 'ദ ഫെലോഷിപ്പ് ഓഫ് ദ റിങ്' പുറത്തിറങ്ങിയതിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ റീ-റിലീസ്. ദ ഫെലോഷിപ്പ് ഓഫ് ദ റിങ്, ദ ടു ടവേഴ്സ്, ദ റിട്ടേൺ ഓഫ് ദ കിങ് എന്നിവയാണ് പ്രദർശിപ്പിച്ചത്. ജനുവരി 16,17,18 എന്നീ തീയതികളിലായിരുന്നു പ്രദർശനം.
25-ാം വാർഷികത്തോടനുബന്ധിച്ച് സംവിധായകൻ പീറ്റർ ജാക്സൺ ആരാധകർക്കായി പ്രത്യേകം റെക്കോർഡ് ചെയ്ത ആമുഖ പ്രസംഗങ്ങൾ ഓരോ സിനിമക്ക് മുമ്പും പ്രദർശിപ്പിച്ചിരുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്ത ഒറിജിനൽ പതിപ്പിനേക്കാൾ ദൈർഘ്യമുള്ള 'എക്സ്റ്റൻഡഡ് എഡിഷൻ' ആണ് പ്രദർശിപ്പിച്ചത്. മൊത്തം 11.5 മണിക്കൂർ ദൈർഘ്യമുണ്ടാകും ഈ മൂന്ന് സിനിമകൾക്കും കൂടി. ഓരോ സിനിമക്കും ഏകദേശം നാല് മണിക്കൂറിനടുത്ത് സമയമുണ്ടാകും.
ഫാന്‍റം എന്റർടൈൻമെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രീ-സെയിൽസിലൂടെ മാത്രം ഇതിനകം അഞ്ചി ദശലക്ഷം ഡോളർ ചിത്രം നേടിക്കഴിഞ്ഞു. ഏകദേശം 4,07,000 ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. 2024ൽ നടന്ന റീ-റിലീസിനേക്കാൾ 65% അധികമാണിത്. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്ര പരമ്പരകളിൽ ഒന്നാണ് 'ലോർഡ് ഓഫ് ദ റിങ്സ്'. ജെ.ആർ.ആർ. ടോൾകീൻ എഴുതിയ അതേ പേരിലുള്ള ഇതിഹാസ നോവലിനെ ആസ്പദമാക്കി പീറ്റർ ജാക്സൺ ആണ് ഈ ചിത്രങ്ങൾ സംവിധാനം ചെയ്തത്.
'മിഡിൽ എർത്ത്' എന്ന സാങ്കൽപ്പിക ലോകത്താണ് കഥ നടക്കുന്നത്. ലോകം മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ഒരു മാന്ത്രിക മോതിരം കൈക്കലാക്കാൻ ശ്രമിക്കുന്ന സൗറോൺ എന്ന ഇരുണ്ട ശക്തിക്കെതിരെയുള്ള പോരാട്ടമാണിത്. ഈ മോതിരം നശിപ്പിക്കാൻ ചുമതലപ്പെട്ട ഫ്രോഡോ ബാഗിൻസ് എന്ന കൊച്ചു ഹോബിറ്റും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തുന്ന സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
ജെ.ആർ.ആർ. ടോൾകീന്റെ പ്രശസ്ത നോവലുകളെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രങ്ങൾ ആഗോളതലത്തിൽ ഏകദേശം മൂന്ന് ബില്യൺ ഡോളർ കലക്ഷൻ നേടുകയും 17 അക്കാദമി അവാർഡുകൾ (ഓസ്കർ) കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വന്ന 'ദ ഹോബിറ്റ്' ട്രൈലോജിയും വലിയ വിജയമായിരുന്നു. ആരാധകരുടെ വൻ തിരക്ക് പരിഗണിച്ച് കൂടുതൽ തിയറ്ററുകളും ഷോകളും അനുവദിക്കാനാണ് കമ്പനിയുടെ തീരുമാനം. തീയതികൾ പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.