കോഴിക്കോട്: ക്രിമിനലുകൾ രാഷ്ട്രീയം കൈയ്യാളുമ്പോൾ കൊലപാതകങ്ങൾ അത്ഭുതങ്ങളല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു രാഷ്ട്രീയ സംഘടനയിൽപ്പെട്ട രണ്ടു യുവാക്കൾ അരുംകൊല ചെയ്യപ്പെട്ടതു അതീവ ദുഃഖകരം തന്നെയാണ്, പ്രതിഷേധാർഹവുമാണ്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അതിനെ ആശയപരമായി നേരിടാൻ കഴിയാതെ വരുമ്പോഴാണ് തലച്ചോറിന് പകരം തലക്കുള്ളിൽ കളിമണ്ണുള്ളവർ കൊലക്കത്തിയെടുക്കുക.
ഇതിൽ നഷ്ടം കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും തന്നെ. അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും..! അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും യുവജന സംഘടനകൾ ശരിക്കും എന്താണ് ചെയ്യുന്നത് എന്നത് അവർ തന്നെ ആലോചിക്കേണ്ട സമയമാണിത്. എന്തെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി നേതാക്കന്മാർ പറയുന്നത് അനുസരിക്കുക മാത്രമാണോ ഇവരുടെ ജോലി... ? സ്വന്തമായി ചിന്തിക്കാനുള്ള ബുദ്ധി ഇവർക്കെല്ലാം കൈമോശം വന്നുപോയോ... ? ലോകം മാറിക്കഴിഞ്ഞു. അതിനനുസരിച്ചു തങ്ങളുടെ ജീവിതവും മാറ്റിയില്ലെങ്കിൽ ഈ ഡിജിറ്റൽ ലോകത്തിലെ നോക്കുകുത്തികളായി സ്വയം പരിഹാസ്യരാകേണ്ടിവരുമെന്നത് ലജ്‌ജാകരം തന്നെ. -അദ്ദേഹം പറഞ്ഞു.
ജോയ് മാത്യുവിെൻറ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഊരിയ വാളുകൾ വലിച്ചെറിയാൻ നേരമായില്ലേ ?
------------------------
ക്രിമിനലുകൾ രാഷ്ട്രീയം കൈയ്യാളുമ്പോൾ കൊലപാതകങ്ങൾ അത്ഭുതങ്ങളല്ല. ഒരു രാഷ്ട്രീയ സംഘടനയിൽപ്പെട്ട രണ്ടു യുവാക്കൾ അരുംകൊല ചെയ്യപ്പെട്ടതു അതീവ ദുഃഖകരം തന്നെയാണ്, പ്രതിഷേധാർഹവുമാണ്. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അതിനെ ആശയപരമായി നേരിടാൻ കഴിയാതെ വരുമ്പോഴാണ് തലച്ചോറിന് പകരം തലക്കുള്ളിൽ കളിമണ്ണുള്ളവർ കൊലക്കത്തിയെടുക്കുക.
ഇതിൽ നഷ്ടം കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും തന്നെ. അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും..!
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഹക്കിെൻറ ഭാര്യയുടെ വയറ്റിൽ കിടക്കുന്ന, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥനാക്കാൻ പോന്ന ക്രൗര്യത്തിെൻറ പേര് പൈശാചികം എന്നല്ലാതെ മറ്റെന്താണ്... ?
ഓണസമ്മാനം കാത്തിരുന്ന മിഥിലാജിെൻറ മക്കൾക്ക് വെട്ടിനുറുക്കപ്പെട്ട പിതാവിെൻറ ജഡം സമ്മാനമായി നല്കാൻ തോന്നിയ കുടിലതയുടെ പേരും പൈശാചികം എന്ന് തന്നെ .
ഇതൊന്നും മനസ്സിലാക്കാത്തവരല്ല നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് നടിക്കുന്ന നമ്മൾ, മലയാളികൾ .എന്നിട്ടുമെന്തേ നമ്മൾ നന്നാകാത്തത് എന്നതാണ് എനിക്ക് പിടികിട്ടാത്തത്.
രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെടുേമ്പാൾ സ്വാഭാവികമായും ശരിതെറ്റുകൾ ആലോചിക്കാതെ അണികൾ പ്രതികാരത്തിനിറങ്ങും. എരിതീയിൽ എണ്ണയൊഴിക്കാൻ ആളുമുണ്ടാവും ,തെരുവിൽ പിന്നെയും ചോരയൊഴുകും.എന്തിന് വേണ്ടി...?
കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും യുവജന സംഘടനകൾ ശരിക്കും എന്താണ് ചെയ്യുന്നത് എന്നത് അവർ തന്നെ ആലോചിക്കേണ്ട സമയമാണിത്. എന്തെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി നേതാക്കന്മാർ പറയുന്നത് അനുസരിക്കുക മാത്രമാണോ ഇവരുടെ ജോലി... ?
സ്വന്തമായി ചിന്തിക്കാനുള്ള ബുദ്ധി ഇവർക്കെല്ലാം കൈമോശം വന്നുപോയോ... ? ലോകം മാറിക്കഴിഞ്ഞു. അതിനനുസരിച്ചു തങ്ങളുടെ ജീവിതവും മാറ്റിയില്ലെങ്കിൽ ഈ ഡിജിറ്റൽ ലോകത്തിലെ നോക്കുകുത്തികളായി സ്വയം പരിഹാസ്യരാകേണ്ടിവരുമെന്നത് ലജ്‌ജാകരം തന്നെ.
കോവിഡ് എന്ന മഹാമാരി മരണം മാത്രമല്ല വിതയ്ക്കുന്നത്, ആരോഗ്യം -സാമ്പത്തികം-ഗതാഗതം-ശാസ്ത്രം എന്നിവയിൽ മാത്രമല്ല -മതങ്ങൾ -ആചാരങ്ങൾ -ആഘോഷങ്ങൾ-വിനോദങ്ങൾ-രാഷ്ട്രീയചിന്തകൾ -അങ്ങിനെ എല്ലാത്തിലും കോവിഡ് ദൈവം ഇടപെട്ടുകഴിഞ്ഞു എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
പഴയപോലെയുള്ള തെരഞ്ഞെടുപ്പുകൾക്കോ ചുവരെഴുത്തുകൾക്കോ കേട്ടുമടുത്ത മുദ്രാവാക്യങ്ങളാൽ ജനജീവിതം. സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾക്കോ ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട. കൊറോണക്കാലം കഴിയുമ്പോഴേക്കും
നമ്മളിൽ എത്രപേർ ബാക്കിയാവും എന്നുതന്നെ നിശ്ചയമില്ലാതിരിക്കെ കൊന്നും തിന്നും ഒടുങ്ങുവാനാണോ ഈ നാട്ടിലെ ചെറുപ്പക്കാരുടെ വിധി...? നിത്യജീവിതത്തിലെ ഓരോ നിമിഷവും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. നാം ജീവിക്കുന്നത് തന്നെ ഒരു Digital Timeലാണ് .
വാർത്തകൾക്ക് പോലും സഞ്ചരിക്കാൻ പ്രത്യേക സമയം ഇല്ലാതായിരിക്കുന്നു. സന്ദേശങ്ങളോ അതിനേക്കാൾ വേഗത്തിൽ. അപ്പോഴാണ് നമ്മൾ കേരളക്കരയിലെ പ്രാചീന ഗോത്ര മനുഷ്യർ ഉപയോഗിച്ചിരുന്ന വാളും കത്തിയുമായി നരമേധ രാഷ്ട്രീയം കളിക്കുന്നത്. യുവാക്കളെ കൊന്നു തള്ളുന്നത്. ഈ പ്രാകൃത മനസ്സിെൻറ പിന്നിലെ ബുദ്ധികേന്ദ്രം ഏതു പാർട്ടിക്കാരനുമായിക്കൊള്ളട്ടെ, അയാൾ പരമാവധി ശിക്ഷയര്ഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
കേരളത്തിലെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികളെ പിടികൂടാനും കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ആരെന്നും എന്തെന്നും തെളിയിക്കുവാനും കുറ്റവാളികൾക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുവാനും സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്ന കാര്യത്തിൽ ഒരു അരാഷ്ട്രീയ വാദിക്കുപോലും എതിരഭിപ്രായമുണ്ടാവില്ല എന്ന് തോന്നുന്നു.
കൊല്ലപ്പെട്ടവർ ഏതു പാർട്ടിക്കാരനാണെങ്കിലും ചോരയുടെ നിറം ചുവപ്പുതന്നെ. അത് തിരിച്ചറിയാത്തകാലത്തോളം യുവാക്കൾ ചാവേറുകളായി തുടരും എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭീതിജനകമാണ്. ദുഃഖകരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.