1.അമരൻ 2. പരാശക്തി

അമരന്‍റെ ആദ്യ ദിന കലക്ഷൻ മറികടക്കാനാകാതെ പരാശക്തി; ചിത്രം ആദ്യ ദിനം നേടിയത്...

ശിവകാർത്തികേയൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പരാശക്തി തിയറ്ററിൽ വിജയ ഗാഥ തുടരുകയാണ്. എന്നാൽ താരത്തിന്‍റെ മുൻ ചിത്രങ്ങളായ അമരന്‍റെയും മദിരാശിയുടെയും ആദ്യ ദിന റെക്കോഡുകൾ മറികടക്കാൻ പരാശക്തിക്ക് സാധിച്ചിട്ടില്ല. ശിവകാർത്തികേയനുപുറമെ രവി മോഹൻ, ശ്രീലീല, അഥർവ എന്നീ മുൻനിര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി വൈകിയതിനെതുടർന്ന് സിനിമയുടെ ജനുവരി 10ലെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. വമ്പൻ റിലീസിനൊരുങ്ങുന്ന വിജയ് നായകനായ ജനനായകനും സെൻസറിങ്ങിൽ കുടുങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. എന്നാൽ വെള്ളിയാഴ്ച യു.എ സർട്ടിഫിക്കോടെ പ്രദർശനാനുമതി നൽകിയതോടെ പരാശക്തിക്ക് ആശ്വാസം ലഭിച്ചു, പക്ഷേ 25 വെട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്.

സക്നിൽക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പരാശക്തി ഇന്ത്യയിൽ ആദ്യ ദിവസം 11.50 കോടിയുടെ നെറ്റ് കലക്ഷൻ നേടി. ആദ്യ ദിനത്തിലെ മികച്ച കലക്ഷനാണ് ഇതെങ്കിലും, ശിവകാർത്തികേയന്റെ മുൻ ചിത്രങ്ങളുടെ ഓപ്പണിങ് മറികടക്കാൻ പരാശക്തിക്ക് കഴിഞ്ഞിച്ചില്ല. 2024ൽ റിലീസ് ചെയ്ത അമരൻ 24.7 കോടി രൂപ ഓപ്പണിങ് നേടിയിരുന്നു. 2025ൽ പുറത്തിറങ്ങിയ മദരാസി 13.65 കോടിയാണ് ഓപ്പണിങ് നേടിയത്.

സുരറൈ പോട്രുവിന് ശേഷം സുധ കൊങ്കരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. പീരിയഡ് ഡ്രാമയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. പൊങ്കൽ റിലീസായ പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തി. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിച്ചത്.

സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.

Tags:    
News Summary - Parasakthi box office collection day 1 Sivakarthikeyan opening fails to beat Amaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.