വിജയ്‌യുടെ കരിയറിലെ ഹിറ്റ് പടം ‘തെരി’ വീണ്ടും തിയറ്ററിലേക്ക്. ജനനായകൻ റിലീസ് പ്രതിസന്ധിക്ക് പിന്നാലെയാണ് 2016ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം റീ റിലീസിനെത്തുന്നത്. ജനുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുക. തെരിയുടെ നിർമാതാവ് കലൈപുലി എസ്. താനുവാണ് സിനിമയുടെ റീ റിലീസ് പ്രഖ്യാപിച്ചത്.
റിലീസ് ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് കലൈപുലി തന്റെ എക്സ് പോസ്റ്റിലുടെ സിനിമയുടെ റീ റിലീസ് പ്രഖ്യാപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്.
അച്ഛൻ- മകളുടെ ബന്ധം പറയുന്ന ചിത്രമായ തെരി സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്ലിയാണ്. സിനിമയിൽ വിജയ്‌ക്കൊപ്പം സാമന്ത, എമി ജാക്സൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബേബി ജോൺ എന്ന പേരിൽ സിനമയുടെ ഹിന്ദി പതിപ്പും പിന്നീട് പുറത്തിറക്കിയിട്ടുണ്ട്. വരുൺ ധവാൻ, കീർത്തി സുരേഷ്, വമിഖ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചത്.
റിലീസ് അനിശ്ചിതത്വത്തിലായി ജനനായകൻ...
രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്.
സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മദ്രാസ് ഹൈകോടതിയിലെ സിംഗ്ൾ ബെഞ്ച് സിനിമക്ക് യു/എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിരുന്നു. പിന്നീട് മദ്രാസ് ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. നിലവിൽ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.