പ്രഭാസിന്റെ ‘രാജാസാബ്’ റിലീസ് ദിനത്തിൽ സിനിമ ഹാളിന് തീ പിടിച്ചു. പടക്കം പൊട്ടിച്ചും ആരതി ഉഴിഞ്ഞും ആരാധകർ ആഘോഷിച്ചതിനെ തുടർന്നാണ് തീ പടർന്നത്. ഒഡീഷയിലെ അശോക് ടാക്കീസ് സിനിമ ഹാളിലാണ് പ്രഭാസിന്റെ എൻട്രിയിൽ ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചത്. ചിലയാളുകൾ സ്ക്രീനിന് മുന്നിൽ ആരതിയുഴിഞ്ഞും ആഘോഷിച്ചു. ഇതേതുടർന്നാണ് തിയറ്ററിൽ തീ പടരാൻ തുടങ്ങിയത്. ഇത് പ്രേക്ഷകരെ പരിഭ്രാന്തരാക്കി. തിയറ്റർ ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററിനും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും പ്രേക്ഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുറച്ച് നേരത്തേക്ക് സംപ്രേഷണം നിർത്തിവെച്ച ശേഷം പുനരാരംഭിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ജനുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രഭാസിന്റെ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ വലിയ വിമർശനവുമായാണ് എത്തുന്നത്. കഥയുടെ മേക്കിങ്ങിന്റെ നിലവാരക്കുറവ് ആളുകൾ എടുത്തു പറയുന്നുണ്ട്. പല രംഗങ്ങളിലും പ്രഭാസിന്റെ തല വരെ വി.എഫ്.എക്സ് വെച്ച് വെട്ടി ചേർത്തിരിക്കുകയാണെന്നും പ്രേക്ഷകർ വിലയിരുത്തി.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത സിനിമയിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ബോക്‌സ് ഓഫിസിൽ വൻ വിജയം നേടിയ ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണിത്.
മോശം പ്രതികരണങ്ങൾക്കിടെ ആദ്യ ദിനത്തിൽ 45കോടിയുടെ ബോക്സ് ഓഫിസ് കലക്ഷൻ രാജാസാബ് നേടിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ വമ്പൻ ബജറ്റിനെയും അഭിനേതാക്കളുടെ പ്രതിഫലത്തെയും കുറിച്ചുള്ള ചർച്ചകളും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 400 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ദി രാജാ സാബ് നിർമിച്ചിരിക്കുന്നതെന്ന് സന്ദീപ് റെഡ്ഡി വംഗ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.