മികച്ച ചിത്രത്തിനായുള്ള 98–ാമത് ഓസ്കർ അവാർഡിന്‍റെ പ്രഥമ പരിഗണന പട്ടികയിൽ ആറ് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’, അനുപം ഖേർ ചിത്രം ‘തൻവി ദ ഗ്രേറ്റ്’, ആനിമേറ്റഡ് ചിത്രം 'മഹാവതർ നരസിംഹ', അഭിഷാൻ ജീവിന്തിന്റെ 'ടൂറിസ്റ്റ് ഫാമിലി', നീരജ് ഗെയ്‌വാന്‍റെ ഹോംബൗണ്ട്, സിസ്റ്റർ മിഡ്‌നൈറ്റ് എന്നീ ചിത്രങ്ങളാണ് പട്ടികയിൽ ഉള്ളത്.
ജനുവരി 22ന് ഔദ്യോഗിക നോമിനേഷനുകൾ പ്രഖ്യാപിക്കും. ഏതെങ്കിലും ഇന്ത്യൻ സിനിമ അന്തിമ പട്ടികയിൽ ഇടം നേടുമോ എന്ന് സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ നോമിനേഷനിലേക്ക് പരിഗണിക്കപ്പെടുന്നത്.
യു.എസ് വിപണികളിൽ തിയറ്റർ പ്രദർശനം ഉൾപ്പെടെ എല്ലാ അക്കാദമി മാനദണ്ഡങ്ങളും കാന്താര: ചാപ്റ്റർ 1 പാലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നടൻ ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ചിത്രം ഹോംബാലെ ഫിലിംസാണ് നിർമിച്ചത്.
2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആകെ കലക്ഷൻ ഏകദേശം 850 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷൻ ഏകദേശം 622 കോടി രൂപയാണ്. ചിത്രത്തിന്‍റെ ആകെ ബജറ്റ് ഏകദേശം 125 കോടി രൂപയാണ്.
വൻ ബജറ്റിൽ നിർമിച്ച ചിത്രങ്ങൾക്കൊപ്പം ടൂറിസ്റ്റ് ഫാമിലിയും പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. 2025 മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബജറ്റിന്റെ 100 ശതമാനവും തിരിച്ചുപിടിച്ചിരുന്നു. 16 കോടിയായിരുന്നു ചിത്രത്തിന്‍റെ നിർമാണ ചെലവ്. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.