വിജയ് നായകനായെത്തുന്ന 'ജനനായകൻ' റിലീസിനൊരുങ്ങുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന സിനിമയുടെ സ്പെഷൽ സ്ക്രീനിങ് മാർച്ച് ഒമ്പതിന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ ഇമെയിൽ ലഭിച്ചതായും മാർച്ച് ഒമ്പതിന് ചിത്രം കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
നേരത്തെ പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ നിയമപരമായ തടസ്സങ്ങൾ നീങ്ങിയതോടെ പ്രദർശനത്തിന് ശേഷം ഉടൻ തന്നെ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകും. ഇതോടെ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്.
ചിത്രത്തിന് മദ്രാസ് സിംഗ്ൾ ബെഞ്ച് നൽകിയ പ്രദർശനാനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെ തുടർന്ന് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രദർശനാനുമതി സംബന്ധിച്ച കാര്യത്തിൽ മദ്രാസ് ഹൈകോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റിലീസ് അനിശ്ചിതത്വത്തിലായതിനെ തുടർന്ന് വലിയ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന് ഇതിനോടകം തന്നെ വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. റിലീസ് വൈകിയതോടെ പ്രീ ബുക്കിങ്ങിലൂടെ ടിക്ക്റ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു കൊടുത്തതടക്കം വലിയ സാമ്പത്തിക നഷ്ടം നിർമാതാക്കൾ നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.