തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരനായ നടനാണ് ധനുഷ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്‍റെ ചലച്ചിത്ര ജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെയാണ് നടൻ അനശ്വരമാക്കി തീർത്തിട്ടുള്ളത്. തമിഴ് സിനിമയിൽ പല ജോണറുകളിലെ ചിത്രങ്ങളിലും വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ധനുഷ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ ഏതാണ് നടന് ഏറ്റവും പ്രയാസമുണ്ടാക്കിയ കഥാപാത്രമെന്ന ചോദ്യത്തിന് തികച്ചും അപ്രതീക്ഷിതമായ ഉത്തരമാണ് ഉള്ളത്.
2023-ൽ പുറത്തിറങ്ങിയ 'പോർ തൊഴിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനും സംവിധായകനുമായ വിഘ്‌നേഷ് രാജയാണ് ധനുഷിന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തെ കുറിച്ച് സംസാരിച്ചത്. ഏപ്രിൽ 30-ന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ 'കര'യുടെ ഒരുക്കത്തിലാണ് ഇരുവരും. 1991-ലെ ഗൾഫ് യുദ്ധത്തിന്റെ നിഴലിൽ ജീവിച്ചിരുന്ന മുൻ ബാങ്ക് കൊള്ളക്കാരനായ കരസാമി, തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കുറ്റകൃത്യങ്ങളുടെ ജീവിതത്തിലേക്ക് തിരികെ എത്തുന്ന കഥയാണ് ഈ ചിത്രം പിന്തുടരുന്നത്. ചിത്രത്തെകുറിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
'ധനുഷ് സാറിനോട് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്, താങ്കൾ ഇത്രയധികം വേഷങ്ങൾ ചെയ്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞതായി തോന്നിയ ആ ഒരു വേഷം ഏതാണ് എന്ന്. അതിശയകരമെന്നു പറയട്ടെ, ധനുഷ് സാർ പറഞ്ഞത് മാരി ആയിരുന്നു തന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ്' വിഘ്നേഷ് രാജ പറഞ്ഞു.
2015ൽ പുറത്തിറങ്ങിയ 'മാരി' ഒരു ആക്ഷൻ-കോമഡി ചിത്രമായിരുന്നു. അതിൽ ധനുഷ് ഒരു പ്രാവിനെ പരിപാലിക്കുന്ന എന്നാൽ പ്രാദേശത്തെ പ്രധാന ഗുണ്ടയെന്ന് അറിയപ്പെട്ടിരുന്ന ഒരു കഥാപാത്രമായിരുന്നു. ധനുഷിന്‍റെ കരിയറിൽ ഏറെ ആരാധകരെ സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു മാരി. സിനിമയിലെ സംഗീതവും വിഷ്വലുകളും ആക്ഷനും ഏറെ ശ്രദ്ധ നേടി. അനിരുദ്ധിന്‍റെ മാസ്സ് ബി.ജി.എം കൂടെ ആയപ്പോൾ മാരി തമിഴ് സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ചു.
ശരീരഭാഷയിലൂടെ മാത്രം ആശയവിനിമയം നടത്തുന്നതിനാണ് മാരി രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും സംവിധായകൻ പറയുന്നു. അദ്ദേഹം വളരെ അപൂർവമായി മാത്രമേ ശബ്ദം ഉയർത്തിയുള്ളൂ. വളരെ കഷ്ടിച്ച് മാത്രമേ സംസാരിച്ചുള്ളൂ. മറ്റു കഥാപാത്രങ്ങളെ അപേഷിച്ചു നോക്കുമ്പോൾ ഒരു നടൻ എന്ന നിലയിൽ മാരിയെ തന്നിലേക്ക് കൊണ്ടുവരാൻ ധനുഷ് പല വെല്ലുവിളികളും നേരിട്ടിരിക്കാം.
കാതൽ കൊണ്ടേനിലെ ഭ്രാന്തനായ കാമുകൻ മുതൽ അസുരനിലെ പ്രതികാരബുദ്ധിയുള്ള അച്ഛൻ വരെയുള്ള വേഷങ്ങൾ തന്റെ കരിയറിൽ ഉൾക്കൊള്ളുന്ന ധനുഷിന്, അതൊന്നും ചെയ്യാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വ്യത്യസ്തമായ ഒരു തരം അച്ചടക്കം ആവശ്യമാണ്. ധനുഷ് തന്നെ പറയുന്നതനുസരിച്ച്, ആ അച്ചടക്കം മാരിയെ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാക്കി മാറ്റി.
ധനുഷിനൊപ്പം മമിത ബൈജുവും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്ന ചിത്രമാണ് കര. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷ് നിർമിച്ച ഈ ചിത്രം തമിഴ് ചലച്ചിത്രമേഖലയിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്. 'പോർ തോഴിലി'ന്റെ രചയിതാക്കളായ രാജയും ആൽഫ്രഡ് പ്രകാശും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.