പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് കുറിച്ച അദ്ദേഹം നായകൻ യാഷിനെയും സംവിധായക ഗീതു മോഹൻദാസിനെയും മറ്റ് അണിയറ പ്രവർത്തകരെയും പ്രശംസിച്ചു.
'ഫ്രെയിമിനെയും പ്രേക്ഷകാനുഭവത്തെയും ശക്തമായി ബാധിക്കുന്ന, തീവ്രതയും ആക്ഷനും നിറഞ്ഞ സഹകരണം' എന്ന് സംവിധായക ഗീതു മോഹൻദാസ് ജെ.ജെ. പെറിയുമായുള്ള സഹകരണത്തെ വിശേഷിപ്പിച്ചു. ചിത്രത്തിന്റെ ആക്ഷൻ സ്വഭാവത്തെയും ദൃശ്യഭംഗിയെയും കുറിച്ചുള്ള ശക്തമായ സൂചനകളാണ് ഈ പ്രതികരണം നൽകുന്നത്.
അതേസമയം, ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026-ൽ, ‘ടോക്സിക്’ സിനിമയുടെ ലക്ഷ്യത്തെക്കുറിച്ച് യാഷ് സംസാരിച്ചിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിപുലമാണെന്നും വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്റ്റ് രൂപംകൊണ്ടതെന്നും, ഇന്ത്യൻ കഥകളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് തന്റെ പ്രധാന ഉദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്നതായും, ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വലിയ കാൻവാസിലുള്ള ആക്ഷൻ സിനിമയായിരുന്നാലും, ഇത് ഒരു സാധാരണ ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും, കൂടുതൽ ആഴമുള്ള സമീപനമാണ് ഇതിൽ ഉള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ആക്ഷൻ പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിൽ വേണം വേദന പോലും അനുഭവപ്പെടണം” എന്ന യാഷിന്റെ വാക്കുകൾ, സിനിമയുടെ റിയലിസവും മാനസിക തീവ്രതയും അടയാളപ്പെടുത്തുന്നു. പ്രേക്ഷകരുടെ ‘മിറർ ന്യൂറോൺ’ പ്രതികരണങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അനുഭവമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സാധാരണയായി കൈകാര്യം ചെയ്യാത്ത വികാരങ്ങളെയും അനുഭവങ്ങളെയും സ്പർശിക്കുന്ന രീതിയിലാണ് ടോക്സിക് ഒരുക്കിയിരിക്കുന്നതെന്നും, അതിലൂടെ പ്രേക്ഷകർക്ക് പുതിയൊരു സിനിമാറ്റിക് അനുഭവം നൽകാനാണ് ശ്രമമെന്നും യാഷ് വ്യക്തമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂൺ 4-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.